കേരളത്തിൽനിന്നു സൗദിയിലേക്കു വിമാനയാത്ര അരമണിക്കൂർ ദൈർഘ്യമേറി; യാത്രാ നിരക്കും കൂടും

single-img
2 July 2019

കേരളത്തിൽനിന്നു സൗദിയിലേക്കുള്ള വിമാനയാത്രാ സമയം അരമണിക്കൂർ കൂടി. ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിനു മുകളിൽ ഇറാന്റെ വ്യോമമേഖലയിലൂടെയുള്ള പറക്കൽ നിർത്തിവച്ചതോടെ 200 മൈൽ അധികം സഞ്ചരിക്കേണ്ടിവരുന്നതാണ് യാത്രാ സമയം കൂടാൻ ഇടയാക്കിയതെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

ജൂൺ 22 മുതലാണ് ഇറാൻ വ്യോമമേഖല ഒഴിവാക്കി പറക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. ഹോർമുസ് കടലിടുക്കിനു സമീപം അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവച്ചുവീഴ്ത്തിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്ത സാഹചര്യത്തിലായിരുന്നു ഇത്.

എയർഇന്ത്യയുടെ സൗദി, യുഎസ്, യൂറോപ്പ് സർവീസുകളെയും ഇൻഡിഗോയുടെ ദോഹഇസ്താംബുൾദോഹ സർവീസിനെയും ഇതു ബാധിച്ചു. കേരളത്തിൽനിന്ന് റിയാദ്, ദമാം എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ സർവീസ്. അതേസമയം, ഇറാൻ വ്യോമമേഖല ഒഴിവാക്കുന്ന നടപടി നീണ്ടുപോയാൽ വിമാനനിരക്ക് ഉയർത്തേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. ഇപ്പോൾ അധികചെലവ് കമ്പനി തന്നെ വഹിക്കുകയാണ്. ബോയിങ് 737ന് ഒരു ടൺ ഇന്ധമാണ് അധികമായി ഉപയോഗിക്കുന്നത്.

അതിനിടെ, മധ്യവേനൽ അവധി തുടങ്ങിയതോടെ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതും പ്രവാസികൾക്ക് തലവേദനയായിരിക്കുകയാണ്. എല്ലാ സ്‌കൂളുകളും അടയ്ക്കുന്നതോടെ നാട്ടിലേക്കുള്ള യാത്ര കൂടുതൽ ദുസ്സഹമാകും. ദുബായിലെ സ്‌കൂളുകൾ അടച്ചു. അബുദാബിയിലെയും വടക്കൻ എമിറേറ്റുകളിലെയും സ്‌കൂളുകൾ 4ന് അടയ്ക്കും.

ടിക്കറ്റ് നിരക്കിലെ വൻ വർധന മലയാളി കുടുംബങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പല വിമാനങ്ങളിലും കൂടിയ നിരക്കിലും സീറ്റില്ല. പലരും യാത്ര മാറ്റിവയ്ക്കുകയാണ്. ജെറ്റ് എയർവേയ്‌സ് സർവീസ് നിർത്തിയതോടെ കേരളത്തിലേക്കുള്ള സീറ്റുകളുടെ ലഭ്യത കുറഞ്ഞതും ടിക്കറ്റ് നിരക്ക് കൂടാൻ കാരണമായി. ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്നായി 11 ജെറ്റ് എയർവെയ്‌സ് വിമാനങ്ങളാണ് സർവീസ് നടത്തിയിരുന്നത്.

തിരുവനന്തപുരം, കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ 9 സെക്ടറുകളിലേക്ക് എമിറേറ്റ്‌സ് മാത്രം ആഴ്ചയിൽ 172 സർവീസ് നടത്തുന്നുണ്ട്. ഫ്‌ളൈ ദുബായ്, ഇത്തിഹാദ്, എയർ അറേബ്യ സർവീസുകൾ ഇതിന് പുറമെയാണ്. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ്, ഇൻഡിഗൊ, ഗൊ എയർ തുടങ്ങി മറ്റു വിമാനങ്ങൾ നേരിട്ടും അല്ലാത്തവ കണക്ഷൻ വിമാനങ്ങളായും സർവീസ് നടത്തുന്നു. എത്ര വിമാനങ്ങൾ സർവീസ് നടത്തിയാലും സീസൺ സമയത്തെ തിരക്കും നിരക്കും പതിവുപോലെ തുടരുകയാണ്.

കടപ്പാട്: മനോരമ