വിജയ് ശങ്കറും ടീമിന് പുറത്ത്; അഗര്‍വാള്‍ പകരക്കാരന്‍

single-img
1 July 2019

പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. കാല്‍വിരലിന് പരിക്കേറ്റ ശങ്കര്‍ ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം കളിച്ചിരുന്നില്ല. വിജയ് ശങ്കറിന് പകരം കര്‍ണാടക ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ എത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ പന്ത് കൊണ്ടാണ് വിജയ് ശങ്കറിന് കാല്‍വിരലിന് പരിക്കേറ്റത്. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയ് ശങ്കറിന് കളിക്കാനാവില്ലെന്നും അദ്ദേഹം നാട്ടിലേക്ക് തിരിക്കുകയാണെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

കര്‍ണാടകയുടെ ഓപണറായ മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ടീമിലും അതേ സ്ഥാനത്ത് കളിക്കാനാണ് സാധ്യത. കെ.എല്‍. രാഹുലിന് നാലാം സ്ഥാനത്ത് കളിക്കാനും സാധിക്കുമെന്ന് മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച മായങ്ക് അഗര്‍വാള്‍ ഏകദിനത്തില്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടില്ല. ലോകകപ്പിനിടെ പരിക്കേറ്റ് മടങ്ങുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് വിജയ് ശങ്കര്‍. നേരത്തെ ഓപണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് മടങ്ങിയിരുന്നു.