ഇന്ത്യ ‘തോറ്റിട്ടും’ പാക്കിസ്ഥാന് ഇനിയും സെമി സാധ്യത

single-img
1 July 2019

ഇന്നലെ നടന്ന ഇന്ത്യ–ഇംഗ്ലണ്ട് മല്‍സരത്തില്‍ സംഭവിച്ചതെന്ത് എന്നു മനസ്സിലാകാതെ ചുറ്റും നോക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. മല്‍സരം ഇന്ത്യ 31 റണ്‍സിന് തോറ്റെങ്കിലും ശരിക്കും അതൊരു തോല്‍വിയാണോ എന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും സംശയം. ഇതേചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുകയാണ്.

ഇന്ത്യ ഇംഗ്ലണ്ട് മത്സരഫലം കാത്തിരുന്നത് ഇരുടീമുകളുടേയും ആരാധകര്‍ മാത്രമായിരുന്നില്ല. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കും നിര്‍ണായകമായിരുന്നു മത്സരഫലം. 31 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തിയതോടെ ഇംഗ്ലണ്ട് സെമിസാധ്യത സജീവമാക്കിയപ്പോള്‍ ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.

ഇനി രണ്ട് കളികളാണ് ലങ്കയ്ക്ക് ബാക്കിയുള്ളത്. രണ്ടിലും ജയിച്ചാലും ലഭിക്കുക പത്ത് പോയിന്റാണ്. ഇംഗ്ലണ്ട് ഇനിയുള്ള കളികള്‍ തോറ്റാലും അഞ്ച് വിജയങ്ങളില്‍ നിന്നായി 10 പോയിന്റുണ്ട്. മഴ നഷ്ടമാക്കിയ രണ്ടു മത്സരങ്ങളിലെ പോയിന്റുകള്‍ പങ്കിടേണ്ടി വന്നതാണ് ലങ്കയ്ക്ക് വെല്ലുവിളിയായത്. അതേസമയം, പാക്കിസ്ഥാനും ബംഗ്ലദേശിനും പ്രതീക്ഷ ബാക്കിയുണ്ട്.

പാക്കിസ്ഥാന് ഇപ്പോള്‍ 8 കളികളില്‍ നിന്ന് ഒന്‍പത് പോയിന്റുണ്ട്. ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനോട് തോല്‍ക്കുകയും ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന്‍ ജയിക്കുകയും ചെയ്താല്‍ പാക്കിസ്ഥാന് സെമിയില്‍ കടക്കാം. ബംഗ്ലാദേശിന് ഇപ്പോള്‍ ഏഴുകളികളില്‍ നിന്നായി ഏഴ് പോയിന്റാണുള്ളത്.

ഇനി ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെയാണ് ബാക്കിയുള്ള രണ്ടു മത്സരങ്ങള്‍. ഇരുവരേയും തോല്‍പ്പിക്കുകയെന്നത് ടീമിന് എളുപ്പമാകില്ല. ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടും തോല്‍ക്കണം. അങ്ങനെയെങ്കില്‍ ബംഗ്ലാ കടുവകള്‍ ആദ്യമായി ലോകകപ്പ് സെമിയിലെത്തും.

അതേസമയം, ഇന്ത്യയ്‌ക്കെതിരായ ജയത്തോടെ ഇംഗ്ലണ്ട് സെമി സാധ്യത ശക്തമാക്കി. അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ കീഴടക്കിയാല്‍ 12 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ടിനു സെമിയിലെത്താം. മത്സരം തോറ്റാല്‍പോലും ഇംഗ്ലണ്ടിനു സാധ്യതയുണ്ട്.

അതിനു പാക്കിസ്ഥാന്‍, ബംഗ്ലദേശ് എന്നീ ടീമുകള്‍ ഇനി ഒരു മത്സരം തോറ്റാല്‍ മതി. ഇതുവരെ സെമി ഉറപ്പിച്ച ഏക ടീം ഓസ്‌ട്രേലിയയാണ്. ഇനിയുള്ള മത്സരങ്ങള്‍ തോറ്റാലും ഇന്ത്യ, ന്യൂസീലന്‍ഡ് ടീമുകള്‍ സെമിയില്‍ എത്തുമെന്നും ഏറെക്കുറെ ഉറപ്പാണ്. രണ്ടു ടീമുകളും നെറ്റ് റണ്‍റേറ്റില്‍ പാക്കിസ്ഥാനെക്കാള്‍ ബഹുദൂരം മുന്നിലാണെന്നതാണ് കാരണം.