കേദാര്‍നാഥില്‍ പോയത് ആത്മാവിനെ തൊട്ടറിയാനുള്ള അവസരം തേടി; ആദ്യ ‘മന്‍ കീ ബാത്തു’മായി പ്രധാനമന്ത്രി മോദി

single-img
30 June 2019

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വന്നപ്പോള്‍ തന്റെ ആത്മാവിനെ തൊട്ടറിയാനുള്ള അവസരം തേടിയാണ് കേദാര്‍നാഥില്‍ പോയതെന്ന് വിശദീകരിച്ച് പ്രധാനമന്ത്രിനരേന്ദ്രമോദി. രണ്ടാമത്അധികാരത്തിലേറിയശേഷം പ്രധാനമന്ത്രി നടത്തുന്ന പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയുടെ ആദ്യദിനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ എന്തിന് അവിടെപ്പോയി എന്ന തരത്തിലാണ് ചോദ്യങ്ങള്‍ ഉയര്‍ന്നത്. യാത്രയെ രാഷ്ട്രീയവത്കരിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടായിരുന്നു. എന്റെ ആത്മാവിനെ തൊട്ടറിയാനുള്ള അവസരം തേടിയാണ് ഞാന്‍ അവിടെ പോയത്.’- മോദി പറഞ്ഞു. ജല സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയായിരുന്നു പ്രധാനമന്ത്രി പ്രധാനമായും സംസാരിച്ചത്. ജലസംരക്ഷണം എന്നത് രാജ്യത്തെ രക്ഷിക്കുമെന്നും സമൂഹം ഒന്നടങ്കം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി കേദാര്‍നാഥ്‌ സന്ദര്‍ശിച്ചത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണെന്ന വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. അദ്ദേഹം ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന ഫോട്ടോയടക്കം വലിയ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു. രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികളെക്കൂടാതെ സാമൂഹ്യമാധ്യമങ്ങളിലും വലിയരീതിയില്‍ പ്രതിഷേധം രൂപപ്പെട്ടിരുന്നു. അപ്പോഴൊന്നും മോദി പ്രതികരിച്ചിരുന്നില്ല.

മന്‍ കീ ബാത്തില്‍ അടിയന്തരാവസ്ഥയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘രാജ്യത്തെ അടിയന്തരാവസ്ഥയ്ക്ക്എതിരെ നടന്ന പോരാട്ടം രാഷ്ട്രീയവൃത്തങ്ങള്‍ക്കുള്ളില്‍ മാത്രമായി ചുരുങ്ങിയിരുന്നില്ല. ജനങ്ങള്‍ക്ക് ജനാധിപത്യം തിരിച്ചുപിടിക്കണമെന്ന തോന്നലായിരുന്നു, തങ്ങളില്‍ നിന്ന് പ്രധാനപ്പെട്ട എന്തോ എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്നു എന്ന തോന്നലായിരുന്നു ജനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്.’- അദ്ദേഹം പറഞ്ഞു.