‘മോദി സര്‍ക്കാര്‍ ടീമിനെ കാവി വല്‍കരിക്കുന്നു’; ഇന്ത്യയുടെ എവേ ജഴ്‌സിയെ ചൊല്ലി രാഷ്ട്രീയ വിവാദം

single-img
27 June 2019

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം ജേഴ്‌സിക്ക് ഓറഞ്ച് നിറം തെരഞ്ഞെടുത്തതിനെതിരെ കോണ്‍ഗ്രസ് എസ്പി നേതാക്കള്‍ രംഗത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാത്തിനെയും കാവിവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിക്ക് ഓറഞ്ച് നിറം തെരഞ്ഞെടുത്തതെന്നും എസ്പി നേതാവും എംഎല്‍എയുമായ അബു അസിം അസ്മി ആരോപിച്ചു.

ജഴ്‌സി ത്രിവര്‍ണമാക്കിക്കൂടെ എന്നാണ് അസ്മി ചോദിക്കുന്നത്. മോദി സര്‍ക്കാര്‍ കാവി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ നസീം ഖാനും പറയുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി ബി.ജെ.പി, ശിവസേന നേതാക്കളും രംഗത്തെത്തി.

ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയില്‍ വരെ കോണ്‍ഗ്രസും എസ്പിയും രാഷ്ട്രീയം കാണുകയാണെന്ന് അവര്‍ പറയുന്നു. ജഴ്‌സിയുടെ നിറം ഏതെന്ന് ക്രിക്കറ്റുമായി ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെ, അതില്‍ പ്രതിപക്ഷം ഇടപെടുന്നത് എന്തിനാണെന്ന് ശിവസേന വക്താവ് മനിഷ കയന്ദയും ബി.ജെ.പി എം.എല്‍.എ രാം കഥമും പറഞ്ഞു.

ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ഇന്ത്യ എവേ ജഴ്‌സി ആദ്യം അണിയുക. ടെലിവിഷന്‍ സംപ്രേക്ഷണമുള്ള ഐസിസി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ആതിഥേയരൊഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഹോം, എവേ ജേഴ്‌സികള്‍ വേണമെന്ന് നിബന്ധന ഐസിസി കര്‍ശനമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഓറഞ്ച് ജേഴ്‌സി ധരിച്ചിറങ്ങാനുള്ള തീരുമാനമെടുത്തത്. ഓറഞ്ച് ജേഴ്‌സിയിലെ കോളറില്‍ നീല സ്ട്രിപ്പുമുണ്ടാകും.