ധോണിക്കെതിരെ ഐ.സി.സി

single-img
7 June 2019

എം.എസ് ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ഐ.സി.സി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.സി.സി, ബി.സി.സി.ഐയെ സമീപിച്ചു. ഐ.സി.സിയുടെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോംഗ് ആണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.

സൈനികരോടുള്ള ആദരസൂചകമായി വിക്കറ്റ് കീപ്പിങ് ഗ്ലൗവില്‍ സൈനിക ചിഹ്‌നം ആലേഖനം ചെയ്ത ധോണിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐസിസിയുടെ ഇടപെടല്‍.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും ഉപകരണങ്ങളിലും മതം, രാഷ്ട്രീയം, വര്‍ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകരുതെന്ന നിയമമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന് ഐ.സി.സി ആവശ്യപ്പെട്ടിരിക്കുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായി കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മത്സരത്തിന്റെ നാല്‍പതാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഫെഹ്ലുക്കുവായോയെ ധോണി സ്റ്റംപ് ചെയ്തതിന്റെ റീപ്ലേകള്‍ ടെലിവിഷനില്‍ കാണിച്ചപ്പോഴാണ് ധോണിയുടെ ഗ്ലൗസിലെ ബാഡ്ജ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്.

നിലവില്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ ഹോണററി റാങ്ക് ധോണിക്കുണ്ട്. 2011 ല്‍ ആണ് ധോണിക്ക് ലെഫ്. കേണല്‍ പദവി ആദരസൂചകമായി ലഭിച്ചത്.