ഏകദിന സ്കോറിൽ റെക്കോഡിട്ട് ബംഗ്ലാദേശ്; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

single-img
2 June 2019

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍. ടോസ് ന്ഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. അവരുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

2015ൽ പാക്കിസ്ഥാനെതിരെ ധാക്കയിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 329 റൺസിന്റെ റെക്കോർഡാണ് ലോകകപ്പ് േവദിയിൽ ബംഗ്ലാ ബാറ്റ്സ്മാൻമാർ തിരുത്തിയത്. ഈ ലോകകപ്പിൽ പിറന്ന ഇതുവരെയുള്ള ഉയർന്ന സ്കോറു കൂടിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലദേശ് കുറിച്ചത്. പിന്നിലായത് ഉദ്ഘാടന മൽസരത്തിൽ ഇതേ എതിരാളികൾക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ട് നേടിയ 311 റൺസ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തിൽ പോലും പതറിയില്ല. ഇമ്രാൻ താഹിറും കാഗിസോ റബാദേയും ലുങ്കി എൻഗിഡിയും ഫെലുക്വായും അടങ്ങുന്ന ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയെ അവർ അനായാസം നേരിട്ടു. ഓപ്പണിങ് വിക്കറ്റിൽ തന്നെ പിറന്നത് 60 റൺസിന്റെ കൂട്ടുകെട്ട്. ഇത് അടിത്തറയായി. 16 റൺസെടുത്ത തമീം ഇഖ്ബാലിനെ പുറത്താക്കി ഫെലുക്വായോ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ സൗമ്യ സർക്കാറും ക്രീസ് വിട്ടു. അപ്പോഴേക്കും 30 പന്തിൽ സൗമ്യ 42 റൺസ് അടിച്ചിരുന്നു.

പിന്നീടാണ് ബംഗ്ലാദേശിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. മൂന്നാം വിക്കറ്റിൽ ഷാക്കിബുൽ ഹസനും മുഷ്ഫിഖുർ റഹീമും ഒത്തുചേർന്നു. ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 142 റൺസിന്റെ റെക്കോഡ് കൂട്ടുകെട്ട്. ലോകകപ്പിൽ ബംഗ്ലാദേശ് നേടുന്ന ഏറ്റവുയർന്ന പാർട്ണർഷിപ്പ് സ്കോർ ആണിത്.

ഷക്കീബ് 84 പന്തിൽ 75 റൺസ് നേടിയപ്പോൾ 80 പന്തിൽ 78 റൺസായിരുന്നു മുഷ്ഫിഖുറിന്റെ സംഭാവന. പിന്നീട് അവസാന ഓവറുകളിൽ മൊസദെക് ഹുസൈനും മഹ്മൂദുള്ളയും അടിച്ചുതർത്തു. മൊസദെക് 20 പന്തിൽ 26 റൺസ് നേടിയപ്പോൾ മഹ്മദൂള്ള ആയിരുന്നു കൂടുതൽ അപകടകാരി. 33 പന്തിൽ പുറത്താകാതെ മൂന്നു ഫോറും ഒരു സിക്സും സഹിതം 46 റൺസാണ് മഹ്മൂദുള്ള നേടിയത്.