തെരഞ്ഞെടുപ്പ് വിജയം ബിജെപി നേടിയത് മോദി ഉത്പന്നത്തെ വെച്ച് മാര്‍ക്കറ്റ് ചെയ്തതിനാൽ: ശശി തരൂർ

single-img
29 May 2019

തെരഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയെ വിജയത്തെ സഹായിച്ചത് മോദി എന്ന അവരുടെ ഉത്പന്നത്തെ അവര്‍ നേരത്തെ തീരുമാനിച്ചതും ആ ഉത്പന്നത്തെ വെച്ച് മാര്‍ക്കറ്റ് ചെയ്തതുമാണെന്ന് നിയുക്ത എംപി ശശി തരൂര്‍.
വളരെ അസാമാന്യമായ വ്യക്തി ആരാധന മോദിക്ക് പതിച്ചുനല്‍കിയാണ് ഈ ലക്‌ഷ്യം നേടിയത് എന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. രാജ്യ സുരക്ഷയ്ക്ക് വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതിനെ കോണ്‍ഗ്രസ് വേണ്ടത്ര പ്രാധാന്യത്തോടെയല്ല കണ്ടത്.

കോണ്‍ഗ്രസ് രാജ്യ സുരക്ഷ ഉത്തരേന്ത്യയിലെ വോട്ടര്‍മാരുടെ മനസ്സിനെ സ്വാധീനിക്കുമെന്നത് കാര്യമായെടുത്തില്ലെന്നും തരൂര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ
കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി ആറുമാസം മുമ്പെങ്കിലും പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ അത് കൂടുതല്‍ ഗുണം ചെയ്‌തേനെ. അങ്ങിനെയെങ്കില്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാകുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

’രാജ്യത്തെ 45 വയസിന് മുകളിലുള്ളവരടക്കം നേരിടുന്ന തൊഴിലില്ലായ്മ, അവസാനിക്കാത്ത കാര്‍ഷിക പ്രതിസന്ധി, ദുരന്തമായ നോട്ടുനിരോധനം തുടങ്ങിയ ഗൗരവമേറിയ സാമ്പത്തീക പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിന്റെ വിധിയെഴുതുമെന്നായിരുന്നു കോണ്‍ഗ്രസ് മനസിലാക്കിയിരുന്നത്. പാര്‍ട്ടി അടിസ്ഥാനപരമായ ചില കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് തോന്നുന്നു. ശരിക്കും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ആത്മപരിശോധനയും സമഗ്രമായ അന്വേഷണവും നടത്തണമെന്നത് നിസംശയം പറയാന്‍ കഴിയും’, തരൂര്‍ പറയുന്നു.

‘മോദിയെ തെരഞ്ഞെടുപ്പില്‍ മികച്ച ഉല്‍പ്പന്നമായി വില്‍ക്കാന്‍ തീരുമാനിച്ച ബിജെപി, സാമൂഹിക മാധ്യമങ്ങളെയും മുഖ്യധാര മാധ്യമങ്ങളെയും ഉപയോഗിച്ച് മോദിക്ക് അസാമാന്യ ആരാധനാ പ്രതിഛായയുണ്ടാക്കി. കാമറകള്‍ ഏത്സമയവും അയാളെ ഒപ്പിക്കൊണ്ടേയിരുന്നു. ദിവസത്തില്‍24/7 മണിക്കൂറും അതിവിദഗ്ധമായ പരസ്യം അയാള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടു. ഇതിനെല്ലാം വേണ്ടി സാധാരണക്കാരുടെ നികുതിപ്പണത്തിലെ 5,600 കോടിയാണ് ഒഴുക്കിയത്’, തരൂര്‍ കൂട്ടിച്ചേര്‍ത്തു.