പശ്ചിമ ബംഗാളിൽ സംഘർഷം തുടരുന്നു: ബിജെപി പ്രവർത്തകനെ വെടിവെച്ചുകൊന്നു

single-img
27 May 2019

ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പശ്ചിമ ബംഗാളിൽ ബിജെപി-തൃണമൂൽ സംഘർഷം തുടരുകയാണ്. സംഘർഷബാധിതമായ നോർത്ത് 24 പർഗണാസ് ജില്ലയിൽ ഒരു ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊന്നു.

നോർത്ത് 24 പർഗണാസ് ജില്ലയിലെ ഭട്പരയിൽ ഞായറാഴ്ച രാത്രിയാണ് ചന്ദൻ ഷാവു (36) എന്ന ബിജെപി പ്രവർത്തകനെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ചന്ദൻ ഷാവുവിനെ രണ്ട് ബൈക്കിലായെത്തിയ അക്രമികൾ കാളിതല ഏരിയയിൽ വെച്ച് തടഞ്ഞ് നിർത്തി വെടിവെയ്ക്കുകയായിരുന്നു. ഇയാളെ നാട്ടുകാർ ഭട്പര ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

കൊലപാതകത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നും നേരത്തേ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന ചന്ദൻ ഷാവു ഈയടുത്ത് ബിജെപിയിൽ ചേർന്നതാണ് കൊലപാതകത്തിനു കാരണമെന്നും ബിജെപി ആരോപിച്ചു. എന്നാൽ തൃണമൂൽ കോൺഗ്രസ് ആരോപണം നിഷേധിച്ചതാ‍യി സീ 24 ഘണ്ട ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മേയ് 19-ന് ഭട്പര നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരെഞ്ഞെടുപ്പ് ദിവ്സം മുതൽ ഇവിടെ കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഉപതെരെഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷവും ബോംബേറും ഉണ്ടായിരുന്നു. ഭട്പരയിലെ ഉപതെരെഞ്ഞെടുപ്പിൽ തൃണമൂൽ മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായ മദൻ മിത്ര ബിജെപിയുടെ പവൻ കുമാർ സിംഗിനോട് പരാജയപ്പെട്ടിരുന്നു.

തൃണമൂൽ എംഎൽഎയായിരുന്ന അർജുൻ സിംഗ് രാജിവെച്ച് ബിജെപിയിൽ ചേരുകയും ഭട്പര ഉൾപ്പെടുന്ന ബട്ടക്പോർ ലോക്സഭാ മണ്ഡലത്തിലേയ്ക്ക് മത്സരിക്കുകയും ചെയതതിനെത്തുടർന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് നടന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ അർജുൻ സിംഗ് തൃണമൂൽ സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായിരുന്ന ദിനേശ് തൃവേദിയെ പരാജയപ്പെടുത്തുകയും ചെയ്തു.