കേരളത്തിൽ ബിജെപിയുടെ സ്വപ്നങ്ങൾ പൂവണിഞ്ഞില്ല: ശ്രീധരൻ പിള്ള

single-img
24 May 2019

ലോക്സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ സ്വപ്നങ്ങൾ പൂവണിഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ശ്രീധരൻ പിള്ള.

ജയിക്കുമെന്ന് പ്രതീക്ഷിച്ച സീറ്റുകളിൽ പ്രതീക്ഷകൾ പൂവണിഞ്ഞില്ല. എങ്കിലും 2014-നെ അപേക്ഷിച്ച് ബിജെപിയ്ക്ക് കേരളത്തിൽ ആറുശതമാനം വോട്ടുവർദ്ധനയുണ്ടായി. സ്വപ്നങ്ങൾ പൂവണിയാത്തതിൽ നിരാശയുണ്ടെന്ന് പറയാനാകില്ല. സ്വപ്നങ്ങളുമായി മുന്നോട്ട് പോകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

13 ബിജെപി സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശുപോയതിൽ തങ്ങൾക്ക് ഒരു സങ്കടവുമില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 69 സീറ്റുകളിൽ മാനിഫെസ്റ്റോ ഇറക്കി മത്സരിച്ച സിപിഎമ്മിനു ബഹുഭൂരിപക്ഷം സീറ്റിലും കെട്ടിവെച്ച കാശുകിട്ടിയില്ല. അതിനാൽ ബിജെപിയ്ക്ക് ഇക്കാര്യത്തിൽ നിരാശയില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ കൊണ്ടാണ് ജയിക്കാൻ സാധിക്കാതിരുന്നത്.

കേരളത്തിലെ പ്രബല മുന്നണികളായ യുഡിഎഫിനും എൽഡിഎഫിനും നേതൃത്വം കൊടുക്കുന്ന സിപിഎമ്മും കോൺഗ്രസും രാജ്യമൊട്ടാകെ വലിയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ഒരു ദേശീയ കക്ഷിയായി കോൺഗ്രസിൽ വിശ്വാസമർപ്പിക്കുന്ന മലയാളികൾ അവരുടെ നിലപാട് തിരുത്തുമെന്ന പ്രതീക്ഷയാണ് ബിജെപിയ്ക്കുള്ളതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

അവരവരുടെ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് പോയ രണ്ട് ഇടതുമുന്നണി എംഎൽഎമാർ രാജിവെയ്ക്കണമെന്നും ധാർമ്മികമായി അവർക്കതിനുള്ള ഉത്തരവാദിത്തമുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ശബരിമലയെ ഒരു രാഷ്ട്രീയ വിൽപ്പനച്ചരക്കാക്കാൻ ബിജെപി കൂട്ടുനിന്നിട്ടില്ല. എന്നാൽ യുഡിഎഫിന്റെ വിജയത്തിനുകാരണം കൊൺഗ്രസ് പാർട്ടി നടത്തിയ വർഗീയ പ്രീണനമാണെന്നും പിള്ള പറഞ്ഞു. വർഗീയ ധ്രുവീകരണം ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും ചെയ്യാൻ ബിജെപി തയ്യാറായിട്ടില്ല.

ആറ്റിങ്ങലിൽ നല്ലരീതിയിൽ പ്രവർത്തിക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞതുകൊണ്ടാണ് ശോഭാ സുരേന്ദ്രന് നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചത്. രണ്ടിരട്ടി വോട്ടുവർദ്ധനവ് അവിടെ ഉണ്ടായെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം ബിജെപി കേരളത്തിൽ വിജയദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.