എക്സിറ്റ് പോൾ ഫലം വന്നതോടെ പ്രതിപക്ഷ ഐക്യം താറുമാറാകുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്ന പ്രതിപക്ഷ സഖ്യത്തില്‍ മായാവതിക്കും കുമാരസ്വാമിക്കും പിന്നാലെ സ്റ്റാലിനും ഒഴിവായി

single-img
21 May 2019

കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ ഐക്യം താറുമാറാകുന്നു. ഇവിഎം തിരിമറി നടന്നു എന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്ന പ്രതിപക്ഷ സഖ്യത്തില്‍ ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിനില്ല. പകരം പാര്‍ട്ടി പ്രതിനിധിയെ അയക്കുമെന്നാണ് സൂചന.

23ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനിരിക്കുന്നത്.

ബിഎസ്പി അധ്യക്ഷ മായാവതി കഴിഞ്ഞ ദിവസം ഡല്‍ഹി യാത്ര റദ്ദാക്കിയിരുന്നു. എസ്പി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മായാവതി യാത്ര റദ്ദാക്കിയത്. പ്രതിപക്ഷ ശക്തികളെ ഒരുമിപ്പിക്കാന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തിവരുന്ന ശ്രമങ്ങളും വിജയത്തിലെത്തുന്നില്ല എന്നാണ് സൂചനകള്‍.

കഴിഞ്ഞ ദിവസം നായിഡു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രതിപക്ഷ സഖ്യത്തിലേക്കുള്ള എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ക്ഷണത്തോട് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റഡ്ഢിയും പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തീരുമാനിക്കാമെന്നാണ് ജഗന്റെ നിലപാട്. ജഗനമായി നേരത്തെ ബിജെപി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കര്‍ണാടകയില്‍ നിലനില്‍ക്കുന്ന അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയും ഡല്‍ഹി യാത്ര മാറ്റിവച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും വോട്ടിങ് മെഷീനുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇവിഎം തിരിമറി ദൃശ്യങ്ങള്‍ പുറത്തുവന്നത്.