പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ എസ്‍ഡിപിഐ പിന്തുണ നല്‍കിയത് യുഡിഎഫിന്: സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ മജീദ് ഫൈസി

single-img
21 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ എസ്‍ഡിപിഐ പിന്തുണ നൽകിയത് യു ഡി എഫിനായിരുന്നുവെന്ന് എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ മജീദ് ഫൈസി. തിരുവനന്തപുരം നേമത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനാണ് വോട്ട് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാനപരമായി സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾ സിപിഎമ്മിന് എതിരല്ല. എന്നാൽ ഇപ്പോൾ ന്യൂനപക്ഷം തങ്ങളിൽ നിന്നും അകന്നെന്ന് അവർക്ക് തോന്നുന്നതിന്‍റെ കാരണം സിപിഎം തന്നെ കണ്ടെത്തണമെന്നും എസ്ഡിപിഐ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്‍ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായി ഇ ടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും കെടിഡിസി ഹോട്ടലിൽ വച്ച് രാത്രി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയാണ് വിവാദമായത്. ഇവർ തമ്മിൽ പതിനഞ്ച് മിനിറ്റ് നീണ്ട് നിന്ന ചർച്ചയിൽ പൊന്നാനി മണ്ഡലത്തിലെ കാര്യങ്ങളാണ് വിഷയമായതെന്നായിരുന്നു പുറത്ത് വന്ന വാർത്ത.