കെ സുരേന്ദ്രനെ തോൽപ്പിക്കുവാൻ ബിജെപിയിലെ ഒരു വിഭാഗം ശ്രമിച്ചു; വെളിപ്പെടുത്തലുമായി മുൻ യുവമോർച്ച നേതാവ്

single-img
21 May 2019

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ യുവമോർച്ച നേതാവ് സിബി സാം തോട്ടത്തിൽ. പത്തനംതിട്ടയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ സുരവേന്ദ്രനെ തോൽപ്പിക്കുവാൻ പാർട്ടിയിലെ തന്നെ ഒരു ഗ്രൂപ്പുകാർ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം.

പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാൻ സ്വന്തം ഗ്രൂപ്പിലെ നേതാക്കളോട് ആവശ്യപ്പെട്ടിട്ട് ബിജെപിക്ക് കിട്ടേണ്ട വോട്ടുകൾ കോൺഗ്രസിന് പോയി എന്ന് പ്രസ്താവന ഇറക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കാൻ വിരലിലെണ്ണാവുന്ന മുരളീധരൻ ഗ്രൂപ്പിലെ നേതാക്കൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും സുരേന്ദ്രൻ ജയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കേണ്ടിവരുമെന്ന തോന്നലുള്ള ഗ്രൂപ്പ് നേതാക്കളാണ് അദ്ദേഹത്തെ തോൽപ്പിക്കുവാൻ മുന്നിട്ടിറങ്ങിയതെന്നും സാം ആരോപിക്കുന്നു.

യുഡിഎഫ് സ്ഥാനാർത്ഥിയിൽ നിന്നും പണം കൈപ്പറ്റിയാണ് സുരേന്ദ്രനെ തോൽപ്പിക്കാൻ ശ്രമിച്ചതെന്ന ആരോപണവും ഉയർത്തുന്നുണ്ട്. എന്നാൽ പത്തനംതിട്ടയിലെ ജനങ്ങൾ ഈ വോട്ട് കച്ചവട സാധ്യത മുൻകൂടി മനസിലാക്കിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുൻ യുവമോർച്ചാ നേതാവ് അഭിപ്രായപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഈ പിള്ള ഒരു നല്ല നടനാണ് , സ്വന്തം ഗ്രൂപ്പ് നേതാക്കൻമാരോട് പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാൻ പറഞ്ഞിട്ട് ഇപ്പോൾ മുൻകൂർ ജാമ്യം എടുക്കാൻ ബിജെപിക്ക് കിട്ടെണ്ട വോട്ടുകൾ കോൺഗ്രസിന് പോയി എന്ന് പ്രസ്ഥാവന ഇറക്കിയിരിക്കുന്നു. പിള്ളെച്ചോ പത്തനംതിട്ടയിലെ ജില്ല നേതൃത്വം ഒന്നടങ്കം കോൺഗ്രസിനല്ലേ വോട്ട് ചെയ്തത്. ജില്ലയിൽ വിരളിൽ എണ്ണാവുന്ന മുരളിധരൻ ഗ്രൂപ്പുകാരെ മാത്രം തെരഞ്ഞെടുപ്പ് ഗോധയിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞൊള്ളു. പിന്നെ ഇതൊക്കെ പറയാൻ ഞാൻ ആരാണ് എന്ന് ചോദിച്ചാൽ പത്തനംതിട്ടയിലെ ഒരോ ബിജെപി നേതാവിനെയും പേര് എടുത്തു പറയാൻ കഴിയുന്ന ആൾ തന്നെയാണ് ഞാൻ, കഴിഞ്ഞ കാലങ്ങളിൽ നിങ്ങളിൽ ഒരാളായിരുന്നു ഞാനും. ജില്ലയിലെ പ്രമൂഖരായ കൃഷ്ണദാസ് ഗ്രൂപ്പുകാർ സുരേന്ദ്രൻ ജയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കണ്ട വരും എന്ന തോന്നലുക്കാർ ആയിരുന്നു, സുരേന്ദ്രൻ ഇങ്ങോട്ട് പണിതരുന്നതിനെ മുൻപ് അങ്ങോട്ട് പണി നൽകുക എന്ന ശത്രു സംഹാര തത്വം അവർ ഉപയോഗിച്ചു.പക്ഷെ ഇതിൽ ചില ഗ്രൂപ്പ് മനേജർമാർ ഈ തക്കം നോക്കി, ആന്റോയുടെ കൈയിൽ നിന്ന് നല്ല കനം ഉള്ള കിഴിയും മേടിച്ചു.

പക്ഷേ പത്തനംതിട്ടയിലെ ജനങ്ങൾ നിങ്ങളുടെ ഈ വോട്ട് കച്ചവട സാധ്യത മുൻകൂടി മനസിലാക്കി അവർ തെരഞ്ഞെടുപ്പിൽ ഹൃദയപക്ഷത്തോട് ഒപ്പം നിന്നു.