വോട്ടിംഗ് മെഷീൻ: ആശങ്കകൾ അകറ്റേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: പ്രണാബ് മുഖർജി

single-img
21 May 2019

വോട്ടിംഗ് മെഷീനുകളെ സംബന്ധിച്ച ആശങ്കകൾ അകറ്റാനുള്ള ബാധ്യത തെരെഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമണെന്ന് മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി. തന്റെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ജനവിധിയെ അട്ടിമറിക്കുന്നതായുള്ള ആരോപണങ്ങളിൽ തനിക്ക് ഉത്കണ്ഠയുണ്ടെന്നും തങ്ങളുടെ പക്കലുള്ള ഇവിഎമ്മുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാനുള്ള ബാധ്യത തെരെഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും അദ്ദേഹം തന്റെ പ്രസ്താവനയിൽ പറയുന്നു.

ജനാധിപത്യത്തിന്റെ അടിയാധാരത്തെത്തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് സ്ഥാനം കൊടുക്കുവാൻ കഴിയില്ല. യുക്തിസഹമായ സംശയങ്ങൾക്ക് അണുവിട പോലും സാധ്യതയില്ലാത്തവിധം പരമപവിത്രമാണ് ജനവിധിയെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സ്ഥാപനങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ സ്ഥാപനത്തിന്റെ ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് അതിന്റെ പണിയാളുകളാണെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നു.

Former President Pranab Mukherjee issues statement on evm hacking row

ഇക്കാര്യത്തിൽ തങ്ങളുടെ സമഗ്രതയും സത്യസന്ധതയും ഉറപ്പുവരുത്തുവാനുള്ള ഭാരിച്ച ഉത്തരവാദിത്തം തെരെഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമാണെന്നും അത് ചെയ്തുകൊണ്ട് ഊഹാപോഹങ്ങൾക്ക് വിരാമമിടണമെന്നും പ്രണാബ് മുഖർജി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടിങ് മെഷീനുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരോപണം ഉയരുകയും പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഉത്തർപ്രദേശ്, ബീഹാർ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെല്ലാം ശക്തമായ പ്രതിഷേധങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.