നസീറിനെക്കാണാൻ ആശുപത്രിയിലെത്തി പി ജയരാജൻ: ആക്രമണത്തിൽ പാർട്ടിയ്ക്ക് പങ്കില്ല

single-img
20 May 2019

കോഴിക്കോട്: വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന സി ഒ ടി നസീറിനെ ആശുപത്രിയിൽ സന്ദർശിച്ച് സിപിഎം നേതാവ് പി ജയരാജൻ. നസീറിനു നേരേ വധശ്രമം നടത്തിയത് സിപിഎം ആണെന്ന തരത്തിൽ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ജയരാജന്റെ സന്ദർശനം.

കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന നസീറിനോടൊപ്പം  അരമണിക്കൂറോളം പി ജയരാജൻ ചെലവഴിച്ചു.സന്ദര്‍ശന വിവരമറിഞ്ഞെത്തിയ മാധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജന്‍ നസീറിനടുത്തേക്ക് പോയത്.  നസീറിന് നേരെ നടന്ന ആക്രമണത്തില്‍ തനിക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി.

സിപിഎം പ്രവർത്തകരാണെന്നു തന്നെ അക്രമിച്ചതെന്നു നസീർ പൊലീസിനു മൊഴി നൽകിയിട്ടില്ലെന്ന് നസീർ തന്നോട് പറഞ്ഞതായി പി ജയരാജൻ അറിയിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടു സംസാരിച്ചിട്ടില്ലെന്നും നസീർ തന്നോടു പറഞ്ഞെന്നും ജയരാജൻ പറഞ്ഞു.

നസീറും സിപിഎമ്മുമായി പ്രശ്നങ്ങളില്ല. നേരത്ത് സിപിഎം അംഗവും തലശ്ശേരി നഗരസഭയിലെ കൗൺസിലറുമായിരുന്നു നസീർ. അംഗത്വം പുതുക്കുന്ന ഫോമിൽ സാമൂഹികവിഭാഗത്തെക്കുറിച്ചുള്ള ചോദ്യം മതനിരേപക്ഷേ പാർട്ടിക്കു ചേർന്നതല്ലെന്ന ആക്ഷേപമുയർത്തിയാണ് അദ്ദേഹം അംഗത്വം പുതുക്കാത്തത്. അല്ലാതെ സിപിഎം നസീറിനെ പുറത്താക്കിയിട്ടില്ല. നസീറിനെ അക്രമിച്ച സംഭവത്തിനു തെരെഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നു കരുതില്ലെന്നും ജയരാജൻ പറഞ്ഞു.