മത്സരിക്കാത്ത സീറ്റിൽവരെ ജയിക്കുമെന്ന് പ്രവചനം; തെറ്റുകൾ കടന്ന് കൂടിയ ഇന്ത്യ ടുഡേ – ആക്‌സിസ് സര്‍വേ പ്രവചനം പിന്‍വലിച്ചു

single-img
20 May 2019

ലോക്സഭാ തെരഞ്ഞെടുപ്പ് സർവേ ഫലങ്ങളില്‍ തെറ്റുകള്‍ കണ്ടെത്തിയതിനെ ഇന്ത്യ – ടുഡേ ആക്‌സിസ് മൈ ഇന്ത്യ പോളിലെ വെബ് പേജുകള്‍ പിന്‍വലിച്ചു. നിലവിൽ ഈ പേജുകൾ സന്ദർശിക്കുന്നവർ 404 നോട്ട് ഫൗണ്ട് എന്നാണ് കാണിക്കുന്നത്. ഇതിന്റെ യുആര്‍എല്‍ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്.

സർവേയിൽ വിവിധ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച പ്രവചനം ലഭ്യമല്ല. ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് ലോക്‌സഭ സീറ്റുകളുടേയും പേര് തെറ്റായാണ് കൊടുത്തിരിക്കുന്നത്. അതേപോലെ, തമിഴ്‌നാട്ടിൽ ചെന്നൈ സെന്‍ട്രലില്‍ കോണ്‍ഗ്രസ് ജയിക്കും എന്നാണ് പ്രവചനം. കോണ്‍ഗ്രസാവട്ടെ ഈ സീറ്റില്‍ മത്സരിക്കുന്നതുമില്ല.

സിക്കിമിലെ എസ്ഡിഎഫ് (സിക്കിമിലെ ഭരണകക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്) ജയിക്കുമെന്നായിരുന്നു ആദ്യം ഇന്ത്യ ടുഡേ സര്‍വേയുടെ പ്രവചനം. പിന്നീട് ഇത് മാറ്റി എസ്‌കെഎം (സിക്കിം ക്രാന്തികാരി മോര്‍ച്ച) ജയിക്കും എന്നാക്കി. ഇവിടെ എസ്ഡിഎഫ് 44 ശതമാനം വോട്ടും എസ്‌കെഎം 46 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചിച്ചിരുന്നത്. തുടർന്ന് വോട്ട് വിഹിതം സംബന്ധിച്ച കണക്കുകള്‍ തന്നെ പിന്‍വലിച്ചു.

ദേശീയ തലത്തിൽ എന്‍ഡിഎ 339 മുതല്‍ 365 വരെയും യുപിഎ 77 മുതല്‍ 108 വരെയും സീറ്റുകളും മറ്റുള്ളവര്‍ 69 മുതല്‍ 95 വരെ സീറ്റുകളും നേടുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേ പ്രവചിച്ചത്.