മോദിയുടെ ക്ലീൻ ചിറ്റ്: ലവാസ വിവാദം ഒഴിവാക്കണമായിരുന്നുവെന്ന് മുഖ്യ തെര. കമ്മീഷണർ

single-img
18 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിലെ തന്റെ വിയോജിപ്പ് മിനിട്സിൽ രേഖപ്പെടുത്താത്തതിന് എതിരെ പരസ്യമായി രംഗത്തു വന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയെ കുറ്റപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ഇത് ഒഴിവാക്കാമായിരുന്ന വിവാദമാണെന്നായിരുന്നെന്നും ഒരു വിഷയത്തിൽ എല്ലാവർക്കും ഏകാഭിപ്രായമുണ്ടാകണമെന്നില്ലെന്നും സുനിൽ അറോറ പത്രക്കുറിപ്പിൽ അറിയിച്ചു.

“കമ്മിഷനിലെ എല്ലാ അംഗങ്ങളും മറ്റുള്ളവരുടെ പതിപ്പുകളാകണമെന്നില്ല. ഭിന്നാഭിപ്രായങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ചട്ടപ്രകാരമുള്ള തീരുമാനങ്ങള്‍ അന്തിമമാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതുമാണ്– സുനിൽ അറോറ പറഞ്ഞു.

പദവിയിൽ ഇരിക്കുമ്പോൾ ആരും അഭിപ്രായ വ്യത്യാസം പരസ്യപ്പെടുത്താറില്ലെന്നും ലവാസയെ കുറ്റപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. അത്തരം വിയോജിപ്പുകൾ പിന്നീട് വിരമിച്ച ശേഷം പുസ്തകമെഴുതുമ്പോഴാണ് ആളുകൾ പുറത്തുപറയാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പെരുമാറ്റ ചട്ട ലംഘന പരാതികൾ പരിഗണിക്കുന്ന മുഖ്യ ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ അടങ്ങുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ.