അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമതാ ബാനര്‍ജിയുടെ അനന്തരവന്‍റെ വക്കീല്‍ നോട്ടീസ്

single-img
18 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുടെ വക്കീല്‍ നോട്ടീസ്. പ്രധാനമന്ത്രി തനിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവന്‍ കൂടിയായ അഭിഷേക് ബാനര്‍ജി പ്രധാനമന്ത്രിക്ക് വക്കീൽ നോട്ടീസ് അയച്ചത്.
പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള എം പിയാണ് അഭിഷേക്.

അഭിഷേക് ഇക്കുറിയും അവിടെനിന്നു മത്സരിക്കുന്നുണ്ട്. ഇദ്ദേഹത്തിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിക്കുവേണ്ടി പ്രചാരണം നടത്താനെത്തിയപ്പോഴാണ് മോദി അഭിഷേകിനെതിരേ ആരോപണമുന്നയിച്ചത്. മമതയുടെയും അഭിഷേകിന്റെയും ഭരണ കാലയളവില്‍ ബംഗാളിൽ ക്രൂരമായ അവസ്ഥയായിരുന്നെന്നും ജനാധിപത്യം മാറി ഗൂണ്ടാക്രസി വന്നെന്നുമായിരുന്നു മോദിയുടെ ആരോപണം.

മുൻപ് ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവ് നിര്‍മല്‍ ചന്ദ്ര മൊണ്ഡല്‍ അഭിഷേകിനെതിരേ വെല്ലുവിളിയുമായി രംഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു. നിങ്ങളുടെ അനന്തരവന്‍ അഭിഷേക് കൊല്ലപ്പെട്ടാല്‍ എന്ത് സംഭവിക്കും എന്ന് മൊണ്ഡല്‍ മമതയോടു ചോദിച്ചതാണു വിവാദമായത്. ഇപ്പോൾ 31 വയസ്സ് മാത്രം പ്രായമുള്ള അഭിഷേക് രണ്ടാംവട്ടമാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്.