ചന്ദ്രബാബു നായിഡു ഒറ്റ ദിവസം കൊണ്ട് കണ്ടുതീര്‍ത്തത് ആറു പ്രമുഖ പ്രതിപക്ഷനേതാക്കളെ; ലക്‌ഷ്യം കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍

single-img
18 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ അവസാനഘട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കേന്ദ്രത്തിൽ ബിജെപി ഇതര മുന്നണിയുടെ സാധ്യതകള്‍ സജീവമാക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ചന്ദ്രബാബു നായിഡു ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് കണ്ടുതീര്‍ത്തത് രാജ്യത്തെ ആറു പ്രമുഖ പ്രതിപക്ഷനേതാക്കളെയാണ്.

ഇതിൽ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ബിഎസ്പി അധ്യക്ഷ മായാവതി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവരെയാണ് നായിഡു ഇന്നു കണ്ടത്. രാഹുലുമായി ഡൽഹിയിലെ കാഴ്ചയ്ക്ക് ശേഷം ലഖ്‌നൗവില്‍ എത്തിയാണ് നായിഡു അഖിലേഷിനെയും മായാവതിയെയും കണ്ടത്.

തെരഞ്ഞെടുപ്പിനുശേഷമുള്ള കേന്ദ്ര സർക്കാർ രൂപീകരണ സഖ്യസാധ്യതകളിലേക്കാണ് നായിഡു കണ്ണുവെയ്ക്കുന്നത്. ബിജെപിക്കെതിരേ നിലപാടെടുക്കുന്ന ഏത് പാര്‍ട്ടികളെയും തങ്ങള്‍ സ്വാഗതം ചെയ്യുന്നെന്നായിരുന്നു ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ കാര്യം ചോദിച്ചപ്പോള്‍ നായിഡു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.