കോട്ടയത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

single-img
15 May 2019

കോട്ടയം: ട്രെയിൻ കടന്നു പോകുന്ന സമയത്തു റയിൽവേ ട്രാക്കിൽ കല്ലു നിരത്തി ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ തമിഴ്നാട് സ്വദേശിയെ റയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് പുതുക്കോട്ട സ്വദേശി നാഗരാജാണ് അറസ്റ്റിലായത്.  കോട്ടയം സംക്രാന്തി കൊച്ചടിച്ചിറയിൽ തിങ്കളാഴ്ച്ചയാണ്  സംഭവം. ഏറ്റുമാനൂരിനു സമീപം കൊച്ചടിച്ചിറ ഗേറ്റിൽ കൊച്ചുവേളി–ബെംഗളൂരു ഗരീബ്​രഥ് ട്രെയിൻ കടന്നു പോയ സമയത്തു റയില്‍വേ ട്രാക്കിൽ കല്ല് അടുക്കി വച്ചതിനാണ് ഇയാളെ പിടികൂടിയത്. ട്രെയിനിന്റെ എൻജിൻ കല്ലുകൾക്കു മുകളിൽ കയറുകയും വലിയ ശബ്ദത്തോടെ ഉലയുകയും ചെയ്തു. ലോക്കോ പൈലറ്റ് ഏറ്റുമാനൂർ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. സംഭവം ലോക്കോ പൈലറ്റ് ഏറ്റുമാനൂർ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു.

സംഭവസ്ഥലത്തെത്തി കല്ലുകൾ നീക്കം ചെയ്ത റെയിൽവെ പോലീസ് തുടർന്നുള്ള അന്വേഷണത്തില്‍ നാഗരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംക്രാന്തിയിലെ ഒരു ഹോളോബ്രിക്സ് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാൾ. തമാശയ്ക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്തെന്നാണ് നാഗരാജിന്റെ മൊഴി.

ട്രെയിൻ യാത്രക്കാരുടെ ജീവൻ അപകടപ്പെടുത്താനും റെയിൽപാളത്തിൽ അതിക്രമിച്ച് കയറിയതിനും റെയിൽവെ ആക്ട് 153, 147 പ്രകാരമാണ് തങ്കരാജിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ആറ് വർഷം വരെ തടവ് ശിക്ഷ ഇയാള്‍ക്ക് ലഭിക്കും.