പിഎസ്‌സി ചെയർമാന്റെ ഭാര്യയുടെ യാത്രാച്ചെലവ് സർക്കാർ വഹിക്കണം; സെക്രട്ടറി സർക്കാരിന് അയച്ച കത്ത് പുറത്തായി

പിഎസ്‌സി ചെയർമാൻ നടത്തുന്ന ഔദ്യോഗിക യാത്രകളിൽ ഭാര്യയുടെ യാത്രാച്ചെലവ് കൂടി സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ. ആവശ്യവുമായി പിഎസ്‌സി സെക്രട്ടറി സർക്കാരിന് അയച്ച കത്ത് പുറത്തുവന്നു.
സംസ്ഥാനത്തെ പിഎസ്‌സി അധ്യക്ഷൻമാരുടെ ദേശീയ സമ്മേളനവും അതിന്റെ ഭാഗമായുള്ള സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നടക്കുമ്പോൾ പിഎസ്‌സി ചെയർമാനോടൊപ്പം ജീവിതപങ്കാളിക്കും ക്ഷണമുണ്ടെന്നും, മറ്റുള്ള സംസ്ഥാനങ്ങളിൽ ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സർക്കാരാണ് വഹിക്കുന്നതെന്നും കത്തിൽ പറയുന്നു. ഇതനുസരിച്ച് കേരളത്തിലെ പിഎസ്‌സി ചെയർമാന്റെ ഭാര്യയുടെ യാത്രാച്ചെലവും സർക്കാർ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നു.
കേരളാ പിഎസ്‌സി ചെയർമാൻ എം കെ സക്കീറിന്റെ ആവശ്യപ്രകാരം സെക്രട്ടറി സാജു ജോർജാണ് സർക്കാരിന് കത്ത് കൈമാറിയത്. പിഎസ്‌സി സെക്രട്ടറിയുടെ ആവശ്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.