313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി കച്ചവടം ചെയ്യുവാനുള്ള തന്ത്രം: മന്ത്രി കെ ടി ജലീൽ

single-img
3 May 2019

ഇസ്ലാം മത വിശ്വാസികളായ സ്ത്രീകൾ ബുർഖ ധരിക്കണമെന്ന് ഇസ്ലാം മതം പറയുന്നില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ ടി ജലീൽ. എംഇഎസ് കോളെജുകളില്‍ മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ബുര്‍ഖ നിരോധനത്തില്‍ എംഇഎസിനെ പിന്തുണയ്ക്കുന്നതാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്‍റെ നിലപാട്. വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഈ വിഷയത്തിൽ സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി ലാഭം കൊയ്യാനുളള തന്ത്രമാണെന്നും ബുര്‍ഖ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കച്ചവട താല്‍പര്യം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

അടുത്ത അധ്യായന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എംഇഎസ് കോളെജുകളിൽ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിട്ടുള്ളത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എംഇഎസ് പ്രസിഡന്റ് ഡോ. പി കെ ഫസല്‍ ഗഫൂറാണ് സര്‍ക്കുലര്‍ പുറത്തുവിട്ടത്. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത മതാചാരങ്ങളുടെ പേരിലോ, ആധുനികതയുടെ പേരിലോ ഉള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.