മോദി കഴിഞ്ഞ 20 വർഷമായി അവധിയെടുത്തിട്ടില്ല: അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 20 വർഷമായി അവധിയെടുത്തിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിഎസ്പി അധ്യക്ഷ മായാവതിയും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് പറയുന്നു. കഴിഞ്ഞ 25 വർഷം യുപിയിലെ ജനങ്ങൾ അവർക്ക് ഇതിന് അവസരം നൽകിയതാണ്. എന്നാൽ അവർ പാവപ്പെട്ടവർക്കായി യാതൊന്നും ചെയ്തില്ലെന്നും അമിത് ഷാ പറഞ്ഞു.
രാഹുൽ ഗാന്ധി എല്ലാ വേനൽക്കാലത്തും എവിടെ പോകുന്നുവെന്ന് സോണിയ ഗാന്ധിക്കുപോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ എല്ലാ വർഷവും അവധി ആഘോഷിക്കാൻ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നകാര്യം ഏവർക്കും അറിയാവുന്നതാണ്. എന്നാൽ അദ്ദേഹം എവിടെയാണ് പോകുന്നതെന്ന് അദ്ദേഹത്തിൻ്റെ അമ്മയ്ക്കു പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മോദിക്ക് നിങ്ങൾ ഒരു അവസരം കൂടി നൽകണം. കഴിഞ്ഞ അഞ്ച് വർഷമായി മോദി പാവപ്പെട്ടവർക്കായി പ്രവർത്തിക്കുന്നു. അഞ്ച് വർഷത്തിനിടെ നിരവധി പദ്ധതികളാണ് മോദി നടപ്പിലാക്കിയതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.