ഒരു ആപ്പിളിന്റെ ഭാരം മാത്രമുണ്ടായിരുന്ന നവജാത ശിശു ഐസിയുവിൽ നിന്നും പുറത്തേയ്ക്ക്

single-img
27 April 2019

ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശു എന്ന റെക്കോര്‍ഡ് നേടിയ പൈതല്‍ ഏഴ് മാസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോവാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചത്.

https://www.youtube.com/watch?v=GI7VA0n8pIo

കുഞ്ഞിന്റെ അമ്മ തോഷിക 24 ആഴ്ചകളും അഞ്ച് ദിവസവും ഗര്‍ഭിണിയായിരിക്കെ എമര്‍ജന്‍സി സിസേറിയനിലൂടെയാണ് റൂസുകെ സെകിനോ എന്നു പേരിട്ട ആണ്‍കുഞ്ഞിനെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.  തോഷികയുടെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരുകയും കുട്ടിയുടെ ജീവന്‍ അപകടത്തില്‍പ്പെടുകയും ചെയ്തതോടെയാണ് കുട്ടിയെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. പുറത്തെടുക്കമ്പോള്‍ വെറും 258 ഗ്രാം തൂക്കവും 22 സെ.മീ നീളവുമാണ് കുട്ടിക്കുണ്ടായിരുന്നത്. ജപ്പാനിലെ നഗാനോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ 2018 ഒക്ടോബര്‍ ഒന്നിനായിരുന്നു ശസ്ത്രക്രിയ.

ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞിനുള്ള ലോകറെക്കോര്‍ഡാണ് ഇത്. ജനിക്കുമ്പോള്‍ 268 ഗ്രാം ഭാരമുണ്ടായിരുന്ന ജാപ്പനീസ് ആണ്‍കുട്ടിക്കാണ് ഇതുവരെ ഭാരം കുറഞ്ഞ നവജാത ശിശുവിനുള്ള മെഡിക്കല്‍ റെക്കോര്‍ഡ് ഉണ്ടായിരുന്നത്.  കുഞ്ഞിന്റെ ആരോഗ്യനില പരിഗണിച്ച് ഇതുവരെ കുട്ടികളുടെ ഐസിയുവിലായിരുന്നു കുട്ടിയെ സൂക്ഷിച്ചിരുന്നത്. ട്യൂബിലൂടെ ദ്രവരൂപത്തില്‍ ഭക്ഷണവും മരുന്നും കൊടുക്കും. മുലപ്പാല്‍ പഞ്ഞിയില്‍ മുക്കി നാവില്‍ തൊട്ടുകൊടുക്കാറുണ്ടായിരുന്നു. 

ഏഴ് മാസത്തെ തീവ്രപരിചരണത്തിന് ശേഷം കുഞ്ഞിന്റെ തൂക്കം മൂന്ന് കിലോയിലധികം എത്തിയപ്പോഴാണ് കുട്ടിയെ വീട്ടിലേക്കയക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ‘അവന്‍ ജനിച്ചപ്പോള്‍ തീരെ ചെറുതായിരുന്നു. തൊട്ടാല്‍ മുറിഞ്ഞുപോകുമോ എന്നുപോലും ഭയന്നു. ഞാന്‍ ഒരുപാട് വിഷമിച്ചു. ഇപ്പോള്‍ അവന്‍ മുലപ്പാല്‍ കുടിക്കും. അവനെ കുളിപ്പിക്കാന്‍ കഴിയും. അവന്റെ ഈ വളര്‍ച്ചയില്‍ എനിക്ക് വലിയ സന്തോഷമുണ്ട്’  തോഷികോ പറഞ്ഞു.