സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം

single-img
20 April 2019

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം. മുന്‍ ജീവനക്കാരിയാണ് ആരോപണവുമായി രംഗത്തുവന്നത്. ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന 35 കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നത്.

ചീഫ് ജസ്റ്റിസിന്‍രെ വസതിയില്‍ വെച്ച് അദ്ദേഹം ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിലെ 22 ജഡ്ജിമാര്‍ക്ക് ഇന്നലെ പരാതി നല്‍കി.

2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ചീഫ് ജസ്റ്റിസിന്‍രെ വസതിയില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അരയില്‍ ചുറ്റിപ്പിടിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നും, തന്‍രെ ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. സ്തംഭിച്ചു പോയ താന്‍ അദ്ദേഹത്തിന്‍രെ പിടിയില്‍ നിന്നും കുതറി മാറുകയായിരുന്നുവെന്നും യുവതി പറയുന്നു.

എന്നാല്‍ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം അടിസ്ഥാന രഹിതമാണെന്ന് സുപ്രിംകോടതി സെക്രട്ടറി ജനറല്‍ അറിയിച്ചു. ഇ മെയില്‍ സന്ദേശത്തിലൂടെയാണ് അദ്ദേഹം ആരോപണം നിഷേധിച്ചത്. ആരോപണം പൂര്‍ണമായും സത്യവിരുദ്ധമാണ്. ആരോപണത്തിന് പിന്നില്‍ ഏതോ ഗൂഡശക്തികളുണ്ട്. സുപ്രിംകോടതിയെ സമൂഹത്തില്‍ ഇടിച്ചുതാഴ്ത്തുകയാണ് പിന്നിലുള്ളവരുടെ ലക്ഷ്യമെന്നും സെക്രട്ടറി ജനറല്‍ അറിയിച്ചു.

ആരോപണം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നിഷേധിച്ചു. ആരോപണം അവിശ്വസനീയമാണ്. എല്ലാവരോടും മാന്യമായി മാത്രമാണ് താന്‍ പെരുമാറിയിട്ടുള്ളത്. തന്റെ വിശ്വാസ്യത ഇടിച്ചുകാണിക്കുന്നതിന് വേണ്ടിയാണ് ഈ ആരോപണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. ഈ കേസില്‍ താന്‍ ഒരു ജുഡീഷ്യല്‍ ഓര്‍ഡറും നല്‍കില്ല. കോടതിയിലെ സീനിയര്‍ ജഡ്ജിമാര്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.