കെ സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥി; തെരഞ്ഞടുപ്പ് കമ്മീഷന്‍ വിലക്ക് മറികടന്ന് ശബരിമല പരാമര്‍ശവുമായി അമിത് ഷാ

single-img
20 April 2019

പത്തനംതിട്ട: സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്‍ വിലക്ക് നിലനില്‍ക്കവേ ശബരിമല വിഷയത്തില്‍ തെരഞ്ഞെടുപ്പ് പരാമര്‍ശവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ട മണ്ഡലത്തിലെ എന്‍ ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയാണ് എന്ന് അമിത്ഷാ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തുന്നതിനിടെയാണ് അമിത് ഷാ പ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.

അതേപോലെതന്നെ കഴിഞ്ഞ ദിവസം തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴും ശബരിമല വിഷയം പ്രസംഗത്തില്‍ മുഖ്യവിഷയമായിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. സംസ്ഥാനത്ത് സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ മറവില്‍ ഭക്തര്‍ക്കെതിരെ കേരള സര്‍ക്കാര്‍ അക്രമം അഴിച്ചുവിട്ടു. ശബരിമലയുടെ വിശുദ്ധി തകര്‍ക്കുവാന്‍ സര്‍ക്കാര്‍ പോലീസിനൊപ്പം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും നിയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല സമര സംഭവങ്ങളുമായി ബന്ധപ്പെട്ട് 30,000 അയ്യപ്പ ഭക്തര്‍ക്കെതിരെ 2000 കേസുകളാണ് ഇടതുപക്ഷ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തത്. ബിജെപി – ആര്‍ എസ് എസ് പ്രവര്‍ത്തകരെ ലക്ഷ്യംവച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയത്. വിശ്വാസ സംരക്ഷണത്തിനായി ബിജെപി അയ്യപ്പ ഭക്തര്‍ക്കൊപ്പം ശക്തമായി ഉറച്ചു നില്‍ക്കുമെന്നുമായിരുന്നു അമിത് ഷായുടെ വാഗ്ദാനം.

ഇന്ന് പത്തനംതിട്ടയില്‍ നടന്ന അമിത് ഷായുടെ റോഡ് ഷോയില്‍ കനത്ത മഴയത്തും ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. മഴ ശക്തമായതിനാല്‍ കെ സുരേന്ദ്രന്റെ റോഡ് ഷോയ്ക്ക് പിന്നാലെ നടത്താനിരുന്ന അമിത് ഷായുടെ പൊതുയോഗം വെട്ടിച്ചുരുക്കി.