കൊല്ലത്ത് എൻ കെ പ്രേമചന്ദ്രനു വേണ്ടി ബിജെപി വോട്ട് മറിക്കുന്നു: ആരോപണവുമായി യുവമോർച്ച മുന്‍ സംസ്ഥാന വൈസ്പ്രസിഡൻ്റ് രംഗത്ത്

single-img
18 April 2019

കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന് വേണ്ടി ജില്ലാ ബിജെപി നേതൃത്വം വോട്ട് മറിക്കുന്നു എന്ന് ആരോപണമുന്നയിച്ച് യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് വോട്ട് മറിക്കാന്‍ ബിജെപിക്കുള്ളില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മുന്നണിക്ക് കൂടുതല്‍ വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എന്‍.കെ പ്രേമചന്ദ്രന് വേണ്ടിയാണ് കൊല്ലത്ത് ബി.ജെ.പി ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയതെന്ന് മുമ്പ് എല്‍.ഡി.എഫ് ആരോപിച്ചിരുന്നു. ഇപ്പോള്‍ അതിന് പിന്നാലെയാണ് ബി.ജെ.പിക്കുള്ളില്‍ തന്നെ വോട്ട് മറിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

നേതൃത്വത്തിനോട് അതൃപ്തിയുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്ന് മേക്ക് എ വിഷന്‍ എന്ന സന്നദ്ധ സംഘടന രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സംഘടനയുടെ പേരില്‍ കമ്മിറ്റികളുണ്ടാക്കാനാണ് തീരുമാനം. നിലവില്‍ പാര്‍ട്ടി വിടില്ലെന്നും ഫലം വന്നശേഷം തീരുമാനിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

പരാതിയുള്ളവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ തന്നെ പരാതി ഉന്നയിക്കാമെന്നും പരസ്യപ്രസ്താവന സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ് പറഞ്ഞു.