പ്രത്യേക പരിഗണന നൽകാനാകില്ല: ശബരിമല മേൽശാന്തിമാർക്ക് പ്രത്യേക പോളിങ് സ്റ്റേഷനോ പോസ്റ്റൽ വോട്ടോ അനുവദിക്കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

single-img
18 April 2019

ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാർക്കായി പ്രത്യേക പോളിങ് സ്റ്റേഷൻ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ശാന്തിമാർക്ക് പോസ്റ്റൽ വോട്ടും അനുവദിക്കാനാവില്ലെന്നും ഇതിന് നിയമത്തിൽ വ്യവസ്ഥയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.

ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാർ പുറപ്പെടാ ശാന്തിമാരാണെന്ന് ചൂണ്ടിക്കാട്ടി ക്ഷത്രിയ ക്ഷേമ സഭ നൽകിയ ഹർജിയിലാണ് കമ്മിഷൻ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുക എന്നത് മൗലികാവകാശമല്ല. വ്യവസ്ഥകളാൽ നിയന്ത്രിക്കപ്പെടുന്ന ചട്ടപ്രകാരമുള്ള അവകാശമാണതെന്നും കമ്മിഷൻ വിശദീകരണ പത്രികയിൽ വ്യക്തമാക്കി. വോട്ടർമാർക്ക് അവരുടെ പേരുചേർത്തിട്ടുള്ള പോളിങ് സ്റ്റേഷനിൽ വോട്ടുചെയ്യാൻമാത്രമേ നിയമം അനുവദിക്കുന്നുള്ളൂ- തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

പ്രത്യേക വോട്ടർമാർ, സർക്കാർ സർവീസിലുള്ളവർ, തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ളവർ, കരുതൽ തടങ്കലിലുള്ളവർ എന്നീ വിഭാഗങ്ങളിലുള്ളവർക്കാണ് ചട്ടപ്രകാരം തപാൽ വോട്ട് അനുവദിക്കാവുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ ക്ഷേത്ര പുരോഹിതർക്കു വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്തരം സൗകര്യം അനുവദിക്കാൻ ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥയില്ലെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി.പോളിങ് സ്റ്റേഷനുകൾ അനുവദിക്കുന്നതിനും കൃത്യമായ വ്യവസ്ഥകളുണ്ട്. വ്യക്തികൾ അവർക്ക് അനുവദിച്ചിട്ടുള്ള പോളിങ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തണം എന്നാണു നിയമത്തിൽ പറയുന്നത് എന്നും കമ്മീഷൻ വ്യക്തമാക്കി.