ജനാധിപത്യത്തിന്റെ മര്‍മ്മപ്രധാന ഭാഗങ്ങള്‍ മൂല്യനിര്‍ണ്ണയത്തില്‍ നിന്നും ഒഴിവാക്കി സിബിഎസ് സി; എതിര്‍പ്പുമായി അധ്യാപകര്‍
ന്യൂഡല്‍ഹി: സിബിഎസ് സിയുടെ പത്താം ക്ലാസ് പരീക്ഷയില്‍നിന്നും ജനാധിപത്യത്തിന്റെ മര്‍മ്മപ്രധാന ഭാഗങ്ങളായ ജനാധിപത്യം, വൈവിധ്യം, ജനകീയ പ്രക്ഷോഭങ്ങള്‍ തുടങ്ങിയ പാഠഭാഗങ്ങള്‍ മൂല്യനിര്‍ണ്ണയത്തില്‍ നിന്നും ഒഴിവാക്കി. പുതിയ തീരുമാനം ഈ അധ്യാപന വര്‍ഷം മുതല്‍പ്രാബല്യത്തില്‍ വരും. പ്രധാനമായും മൂന്ന് പാഠഭാഗങ്ങളാണ് പരീക്ഷ പാഠ്യ വിഷയ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. പത്താം ക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്സിന്റെ ബുക്കിന്റെ ഒന്നാം ഭാഗത്തില്‍ നിന്നുള്ള പാഠഭാഗങ്ങളാണിവ.
സിബിഎസ് സിയുടെ പുതിയ തീരുമാനത്തിനെതിരെ മുന്‍ എന്‍ സി ഇ ആര് ടി ചീഫ് കൃഷ്ണ കുമാര്‍ വിയോജിപ്പ് അറിയിച്ചു. ഇപ്പോള്‍ ഒഴിവാക്കപ്പെട്ടവ 2005 -കാലയളവില്‍ കുട്ടികളില്‍ അഭിരുചി വളര്‍ത്തുന്നതിന് വേണ്ടി വളരെ സൂഷ്മതയോടെ നിര്‍മ്മിച്ച സിലബസാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
സിബിഎസ് സിയുടെ തീരുമാനത്തില്‍ അധ്യാപകരും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. സിലബസില്‍ നിന്നും ഇത്തരം പാഠഭാഗങ്ങള്‍ വെട്ടികുറക്കുന്നത് അതിന്റെ പ്രാധാന്യം ഇല്ലാതാകുമെന്നും വിദ്യാര്‍ത്ഥികളില്‍ അതിനോടുള്ള താല്‍പ്പര്യം കുറക്കുമെന്നും അധ്യാപകര്‍ പറയുന്നു. ക്ലാസ് യൂണിറ്റ് ടെസ്റ്റുകളിലും പ്രാഥമിക പരീക്ഷകളിലും വിലയിരുത്തലിനായി ഈ പാഠഭാഗങ്ങള്‍ ഉപയോഗിക്കാമെങ്കിലും, ബോര്‍ഡ് പരീക്ഷ ചോദ്യപ്പേപ്പുകളില് ഇവ ഉള്‍പ്പെടുത്താത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇതില്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തുകയില്ല എന്നതാണ് ഫലം.