ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബാഴ്‌സലോണയും ഇന്ന് നേര്‍ക്കുനേര്‍

single-img
10 April 2019

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ആരാധകര്‍ കാത്തിരുന്ന പോരാട്ടം. പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയും മുഖാമുഖമെത്തുമ്പോള്‍ കാല്‍പ്പന്ത്‌ കളിയുടെ ആവേശം വാനോളം ഉയരും.

ലോകത്തെ തന്നെ മികച്ച താരങ്ങളായ മെസ്സിയും സുവാരസും കുട്ടീഞ്ഞോയുമെല്ലാം ബൂട്ടണിയുന്ന ബാഴ്‌സയെ അതിവേഗ ശൈലിയിലൂടെ കീഴ്‌പ്പെടുത്താന്‍ യുണൈറ്റഡിന് സാധിക്കുമോയെന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിലവിലുള്ള കണക്കുകളില്‍ ബാഴ്‌സലോണയ്ക്ക് ആധിപത്യമുണ്ടെങ്കിലും കളത്തില്‍ കണക്കുകള്‍ക്ക് സ്ഥാനമില്ല. മറുചേരിയില്‍ പോള്‍ പോഗ്ബയും റോമലു ലുക്കാക്കുവും റാഷ്‌ഫോര്‍ഡുമെല്ലാം ചേര്‍ന്ന് ബാഴ്‌സയുടെ സ്വപ്‌നങ്ങളെ തച്ചുടയ്ക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.

ജോസ് മൗറീഞ്ഞോയുടെ പകരമെത്തിയ സോള്‍ഷെയറിന് കീഴില്‍ യുണൈറ്റഡ് ഒരുപാട് മെച്ചപ്പെട്ടുകഴിഞ്ഞു. അലക്‌സ് ഫെര്‍ഗൂസണിന്റെ കാലത്തെ യുണൈറ്റഡിന് അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സോള്‍ഷെയറിന്റെ കീഴില്‍ യുണൈറ്റഡ് പന്ത് തട്ടുന്നത്. യുണൈറ്റഡിന്റെ സ്വന്തം ഗ്രൗണ്ടിലാണ് ആദ്യ പാദ മത്സരം. അതിനാല്‍ സ്വന്തം തട്ടകത്തില്‍ ജയിച്ച് ആധിപത്യം നേടാനാവും യുണൈറ്റഡ് ലക്ഷ്യം വയ്ക്കുക.

അതേസമയം, ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തരായ യുവന്റസ് ഹോളണ്ട് ക്ലബ്ബായ അയാക്‌സുമായും മത്സരിക്കും. താര കരുത്തിലും പ്രഭയിലും യുവന്റസിന് മുന്‍തൂക്കമുണ്ടെങ്കിലും അയാക്‌സിന്റെ അറ്റാക്കിങ് ഫുട്‌ബോള്‍ ശൈലിയെ കീഴ്‌പ്പെടുത്തുക അത്ര എളുപ്പമാവില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.