മഞ്ചേശ്വരത്ത് ബിജെപി മോഹങ്ങൾക്ക് തിരിച്ചടി; എതിര്‍ കക്ഷികളില്‍ നാല് പേര്‍ നോട്ടീസ് കെപ്പറ്റിയില്ല: ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു

single-img
5 April 2019

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ അനുമതി തേടി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസത്തേക്ക് മാറ്റി. കോടതി നിര്‍ദ്ദേശ പ്രകാരം കേസില്‍ നിന്ന് പിന്‍മാറുന്നത് ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും 11 എതിര്‍ കക്ഷികളില്‍ നാല് പേര്‍ നോട്ടീസ് കെപ്പറ്റിയിട്ടില്ലെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി.മെയ് 24ന് ഇനി കേസ് പരിഗണിക്കും.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ടിനെ തുടര്‍ന്നാണെന്ന് ആരോപിച്ചാണ് കെ. സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. മരിച്ച ആളുകളുടെ വോട്ടുകള്‍ പോലും അബ്ദുള്‍ റസാഖിന് അനുകൂലമായി പോള്‍ ചെയ്തുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

ഇതിനിടെ അബ്ദുള്‍ റസാഖ് മരണപ്പെട്ടു. പിന്നാലെ ലോസ്ഭാ തിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ മഞ്ചേശ്വരം ഉപേക്ഷിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് സുരേന്ദ്രന്റെ ശ്രമം.