നിങ്ങളുടെ പരിഹാസം ഞങ്ങൾക്കു തൃണമാണ്: വയനാട്ടിലെത്തിയ രാഹുൽഗാന്ധിയെ ഹരിതപതാക വീശിത്തന്നെ അഭിവാദ്യം ചെയ്ത് മുസ്ലീം ലീഗ്

single-img
4 April 2019

ഹരിതപതാകയുടെ പേരിൽ സോഷ്യൽമീഡിയയിൽ പരിഹസിക്കുന്നവർക്ക് മറുപടി നൽകി മുസ്ലീം ലീഗ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയപ്പോൾ ഹരിതപതാക വീശിത്തന്നെയാണ് മുസ്ലീം ലീഗ് പ്രവർത്തകർ അഭിവാദ്യം ചെയ്തത്. പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം ഹെലി പാഡിലാണ് രാഹുൽ ഗാന്ധി വന്നിറങ്ങിയത്.

രാഹുലിനെ വരവേല്‍ക്കാന്‍ മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നൂറുകണക്കിന് പ്രവര്‍ത്തകരാണ് രാവിലെ മുതല്‍ കാത്തിരിക്കുന്നത്. രാഹുല്‍ എത്തിയതിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചും കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും കൊടികള്‍ വാനിലുയര്‍ത്തിയാണ് രാഹുലിനെയും പ്രിയങ്കയെയും വരവേറ്റത്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ ആവേശത്തിലെങ്കിലും അതീവ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണമടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. താമരശേരി ചുരം റോഡിലടക്കം നഗരത്തില്‍ വന്നു പോകുന്ന എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നു.മാവോയിസ്റ്റ് സാന്നിധ്യമുള്ള സുഗന്ധഗിരി അടക്കമുള്ള പ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തുന്നുണ്ട്.