ബിജെപിക്ക് ആശ്വാസം; ഗോവയിൽ പ്രമോദ് സാവന്ത് സർക്കാർ വിശ്വാസവോട്ട് നേടി
ഗോവയിൽ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വിശ്വാസവോട്ട് നേടി. 36 അംഗ നിയമസഭയിൽ 20 എംഎൽഎമാരുടെ പിന്തുണയോടെയാണ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്.
40 അംഗ സഭയിൽ ഇപ്പോൾ 36 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിനു 19 പേരുടെ പിന്തുണ മാത്രം മതിയായിരുന്നു.
21 എംഎൽഎമാരുടെ പിന്തുണയായിരുന്നു ബിജെപി സർക്കാരിനുണ്ടായിരുന്നത്. പ്രോടേം സ്പീക്കർ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി-12, ജിഎഫ്പി-3, എംജിപി-3, സ്വതന്ത്രർ-3 എന്നിങ്ങനെയാണു സർക്കാരിനെ പിന്തുണയ്ക്കുന്നവർ.
പ്രതിപക്ഷത്ത് കോൺഗ്രസിന് 14 എംഎൽഎമാരും എൻസിപിക്ക് ഒരു അംഗവുമുണ്ട്. എൻസിപി അംഗം ഇത്തവണ കോൺഗ്രസിനൊപ്പം നിന്നു. തിങ്കളാഴ്ച രാത്രിയാണു പ്രമോദ് സാവന്തും രണ്ട് ഉപമുഖ്യമന്ത്രിമാരുൾപ്പെടെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.