പാകിസ്ഥാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ആക്രണം; പാകിസ്ഥാന് തിരിച്ചടിക്കാൻ നിർദ്ദേശം കിട്ടിയപ്പോഴേക്കും ഇന്ത്യൻ വ്യോമയോദ്ധാക്കൾ രാജ്യത്ത് തിരിച്ചെത്തിയിരുന്നു

single-img
26 February 2019

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ബലാകോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ആദ്യം ബലാകോട്ടിലാണ് ആക്രമണം നടത്തിയത്. ബലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണമായും തകര്‍ത്തു. പിന്നീട് മുസഫറാബാദിലെയും ചകോതിയിലെയും ജെയ്‌ഷെ ക്യാമ്പുകളും തകര്‍ക്കുകയായിരുന്നു.

12 മിറാഷ് പോര്‍ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. അക്രമണ വിവരം അറിഞ്ഞ് പാകിസ്ഥാൻ തിരിച്ചടിക്കു നിർദേശം നൽകിയെങ്കിലും ആ സമയം ഇന്ത്യൻസേന രാജ്യത്ത് തിരിച്ചെത്തിയിരുന്നു. വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ സേന അപ്പപ്പോൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തി.

വ്യോമാക്രമണം നടത്തിയ കാര്യം കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് സ്ഥിരീകരിച്ചു. പാക് ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ത്തുവെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഇതിന് പിന്നാലെ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതി യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. പാകിസ്ഥാന്‍ തിരിച്ചടിച്ചാല്‍ ശക്തമായി ചെറുക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ണ സജ്ജരാണെന്ന് ഇന്ത്യന്‍ വ്യോമസേനയും, കരസേനയും അറിയിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാനിര്‍ദേശവും നല്‍കിക്കഴിഞ്ഞു.