വിമാനത്താവളം നടത്തിപ്പ്: ആറിൽ അഞ്ചും അദാനിക്ക് ലഭിച്ചത് വിചിത്രം; നരേന്ദ്രമോദിയും അദാനിയും നല്ല അടുപ്പക്കാരെന്നും മുഖ്യമന്ത്രി
നരേന്ദ്രമോദിയും അദാനിയും തമ്മിൽ നല്ല പരിചയക്കാരാണെന്നല്ലാതെ വിമാനത്താവള നടത്തിപ്പിൽ അദാനി ഗ്രൂപ്പിന് ഇതുവരെ പരിചയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മംഗളൂരുവും ഉൾപ്പെടെ ആറ് രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാൻ വേണ്ടി നടത്തിയ ഫിനാൻഷ്യൽ ബിഡ്ഡിൽ അഞ്ചിലും അദാനി ഗ്രൂപ്പ് ഒന്നാമതെത്തിയതിനെ കുറിച്ച് പ്രതികരിക്കവേയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം സംബന്ധിച്ച് ബിഡിൽ ആറിൽ അഞ്ചും അദാനി ഗ്രൂപ്പിനു ലഭിച്ചത് വിചിത്രമാണ്. ഒരു കൂട്ടർക്കു തന്നെ കിട്ടുമ്പോൾ പുറമേ നോക്കുന്നവർക്കു സ്വാഭാവികമായും സംശയം വരും. വിമാനം ആകാശത്തിലൂടെ പറക്കുന്നതാണെങ്കിലും വിമാനത്താവളത്തിനുള്ള സൗകര്യം ഭൂമിയിൽ ഒരുക്കേണ്ടതാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ അദാനി വിചാരിച്ചാൽ ഒന്നും നടക്കില്ല. വിമാനത്താവളങ്ങളിലെ സൗകര്യം ഒരുക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. സംസ്ഥാന സർക്കാരാണു സ്ഥലമെടുത്തു കൊടുക്കേണ്ടത്. അക്കാര്യം സംസ്ഥാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സംസ്ഥാനത്തെ ശത്രുപക്ഷത്തു നിർത്തി കാര്യങ്ങൾ നടത്താമെന്ന് കേന്ദ്രസർക്കാർ കരുതുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തൂ.
നേരത്തെ തിരുവനന്തപുരത്ത് പുറമേ മംഗളുരു, അഹമ്മദാബാദ്, ജയ്പുർ, ലഖ്നൗ എന്നീ വിമാനത്താവളങ്ങളുടെ ഫിനാൻഷ്യൽ ബിഡ്ഡിങ്ങുകളിൽ അദാനി ഗ്രൂപ്പ് ഒന്നാമതെത്തിയിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാരും ഫിനാൻഷ്യൽ ബിഡ്ഡിൽ പങ്കെടുത്തിരുന്നു. നടപടി ക്രമങ്ങള്‍ പാലിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയാണ് ഫിനാൻഷ്യൽ ബിഡ്ഡില്‍ പങ്കെടുത്തത്. എന്നാല്‍ കെ.എസ്.ഐ.ഡി.സി ലേലത്തില്‍ രണ്ടാമതായാണ് എത്തിയത്. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടിയേക്കുമെന്ന് ഏറെക്കുറേ ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം 28നുണ്ടാകും.