ശബ്ദമുണ്ടാക്കിയ കാണികളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ് വിരാട് കോഹ്‌ലി

single-img
25 February 2019

ഇന്ത്യ – ഓസ്‌ട്രേലിയ ആദ്യ ട്വന്റി 20ക്ക് മുന്‍പായിരുന്നു സംഭവം. മത്സരം ആരംഭിക്കും മുന്‍പ് കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്കായി ഇരുടീമിലെ താരങ്ങളും അമ്പയര്‍മാരും രണ്ടു മിനിറ്റ് മൗനമാചരിച്ചിരുന്നു. ഇരു രാജ്യങ്ങളുടെയും ദേശീയഗാനത്തിനു ശേഷമായിരുന്നു മൗനമാചരിക്കല്‍.

എന്നാല്‍ ഈ സമയം മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ കാണികളില്‍ ചിലര്‍ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട വിരാട് കോലി ഉടന്‍ തന്നെ കാണികളോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട് ആംഗ്യം കാണിക്കുകയും ആ സമയത്ത് വേണ്ട ബഹുമാനം കാണിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വീരമൃത്യുവരിച്ച ജവാന്‍മാരോടുള്ള ആദരസൂചകമായി കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്.

അതേസമയം, മത്സരത്തില്‍ ഓസീസ് മൂന്നു വിക്കറ്റിന് വിജയിച്ചു. അവസാന ഓവറില്‍ വിജയിക്കാനാവശ്യമായ 14 റണ്‍സ് അടിച്ചെടുത്താണ് ഓസീസ് വിജയം പിടിച്ചെടുത്തത്. പാറ്റ് കമ്മിന്‍സും ജേ റിച്ചാഡ്‌സണുമാണ് ഉമേഷ് യാദവിന്റെ അവസാന ഓവറിലെ അവസാന പന്തില്‍ ഓസീസിനെ വിജയത്തിലെത്തിച്ചത്. ഇരുവരും ഏഴു റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യ ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഒരു ഘട്ടത്തില്‍ അഞ്ചു റണ്‍സിന് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയെ മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗ്ലെന്‍ മാക്‌സ് വെല്‍ ഡാര്‍സി ഷോര്‍ട്ട് സഖ്യം അവരെ രക്ഷിച്ചു. ഇരുവരും 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഷോര്‍ട്ട് 37 പന്തില്‍ 37 റണ്‍സും മാക്‌സ് വെല്‍ 43 പന്തില്‍ 56 റണ്‍സുമെടുത്തു. മാര്‍ക്കസ് സ്റ്റോയിനിസ് (1), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (0), ആഷ്ടണ്‍ ടര്‍ണര്‍ (0), കോള്‍ട്ടര്‍ നെയ്ല്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ത്യയ്ക്കായി ബുംറ നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തിരുന്നു. ഇന്ത്യയ്ക്കായി തിരിച്ചുവരവ് ആഘോഷമാക്കിയ ലോകേഷ് രാഹുല്‍ 36 പന്തില്‍ നിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം 50 റണ്‍സ് നേടി.