പ്രധാനമന്ത്രി കസേരയുടെ ബുക്കിംഗ് കഴിഞ്ഞു; അടുത്ത രണ്ടു തവണത്തേക്ക് നോക്കേണ്ട: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
പ്രധാനമന്ത്രി കസേരയുടെ ബുക്കിംഗ് കഴിഞ്ഞുവെന്നും അടുത്ത രണ്ട് തവണത്തേക്ക് നോക്കേണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. അവാർഡ് ദാന ചടങ്ങിൽ വച്ച് നടൻ രിതേശ് ദേശ്മുഖിന്റെ ചോദ്യത്തിനു ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.
നിതിൻ ഗഡ്ഗരി, ശരത് പവാർ തുടങ്ങിയവരിൽ ആരാണ് മഹാരാഷ്ട്രയിൽനിന്ന് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുക എന്നതായിരുന്നു രിതേശ് ദേശ്മുഖിന്റെ ചോദ്യം. ഈ ചോദ്യം അപ്രസക്തമാണെന്ന മുഖവുരയോടെയാണ് ഫഡ്നാവിസ് പ്രതികരിച്ചത്.
പ്രധാനമന്ത്രി പദം ഇപ്പോഴെ ബുക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ മാത്രമല്ല. അതിന് അടുത്ത 2024 ലെ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രിപദത്തിനു ഒഴിവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു ശേഷം മഹാരാഷ്ട്രയിൽനിന്നും ഒരാൾ പ്രധാനമന്ത്രിയായാൽ താൻ അതീവസന്തുഷ്ടനായിരിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു.
ശിവസേനയുമായുള്ള സഖ്യത്തിൽ ബിജെപി പ്രവർത്തകരും നേതാക്കളും അസംതൃപ്തരാണെന്ന വാർത്തയും അദ്ദേഹം തള്ളി. ശിവസേനയുമായുള്ള സഖ്യം മികച്ചതാണെന്ന് പ്രവർത്തകർ മനസിലാക്കും. അവർ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.