പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്; ഏറ്റുമുട്ടല്‍ തുടരുന്നു

single-img
18 February 2019

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളായ കമ്രാന്‍ എന്ന ജെയ്‌ഷെ മുഹമ്ദ് ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്.

ഇയ്യാള്‍ ഒളിച്ചിരുന്ന വീട് സൈന്യം സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന ഇയ്യാള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടില്ല. ഇയാളോടൊപ്പം മറ്റൊരു ഭീകരനും സൈനിക നടപടിയില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതുവരെ വിവരം സൈന്യം ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.

അതേസമയം ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു മേജര്‍ അടക്കം നാല് സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. ഒരു പ്രദേശവാസിയും ആക്രമണത്തില്‍ മരിച്ചതായി വിവരങ്ങളുണ്ട്. പ്രദേശം മുഴുവന്‍ ഇപ്പോള്‍ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. മറ്റുള്ള ഭീകരര്‍ക്കുവേണ്ടി സൈനിക നടപടി തുടരുകയാണ്.