ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചക്കിടെ അനാവശ്യ റണ്ണൗട്ട്; വിജയ് ശങ്കറിന്റെ റണ്‍ഔട്ടിന് റായിഡുവിന് ‘പൊങ്കല’

single-img
3 February 2019

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ 18ന് 4 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അമ്പാട്ടി റായിഡുവിന്റെ(90) പ്രകടനമാണ് 252ലെത്തിച്ചത്. എന്നിട്ടും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ റായിഡുവിന് ‘പൊങ്കല’യാണ്. താരങ്ങളുടെ ആശയക്കുഴപ്പമായിരുന്നു ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണമായതെങ്കിലും റായിഡുവിന് പറ്റിയ പിഴവാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 32ാം ഓവറിലെ അഞ്ചാം പന്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 116 ല്‍ നില്‍ക്കുമ്പോഴായിരുന്നു 45 റണ്‍സെടുത്ത ശങ്കറിന്റെ പുറത്താകല്‍. കോളിന്‍ മണ്‍റോയുടെ ബോള്‍ മിഡ് വിക്കറ്റിലേക്ക് വിജയ് ശങ്കര്‍ തട്ടിയിട്ടു. റണ്‍സിന് വിജയ് ശങ്കര്‍വിളിച്ചില്ലെങ്കിലും എതിര്‍ വശത്തുണ്ടായിരുന്ന അമ്പാട്ടി റായിഡു അമിതാവേശം കാണിച്ചു.

റായിഡു പിച്ചിന്റെ പകുതിയും പിന്നിട്ടതോടെ മറ്റു മാര്‍ഗ്ഗമില്ലാതെ വിജയ് ശങ്കറും ഓടുകയായിരുന്നു. അപ്പോഴേക്കും ഫീല്‍ഡര്‍ പന്ത് കോളിന്‍മണ്‍റോക്ക് എറിഞ്ഞു കൊടുത്തു. മണ്‍റോയുടെ ഏറ് വിക്കറ്റ് തെറിപ്പിക്കുമ്പോള്‍ ക്രീസിന്റെ ഏഴയലത്ത് വിജയ് ശങ്കറില്ലായിരുന്നു.

64 പന്തില്‍ നിന്നായിരുന്നു ശങ്കര്‍ 45 റണ്‍സ് നേടിയത്. ഇതോടെ റായിഡുവിന്റെ പിഴവാണ് ശങ്കറിന് അര്‍ഹിച്ച അര്‍ധ സെഞ്ച്വറി നഷ്ടമാക്കിയതെന്ന് പറഞ്ഞ് ആരാധകരുടെ പൊങ്കാലയും ആരംഭിക്കുകയായിരുന്നു. തുടക്കത്തില്‍ തപ്പിത്തടഞ്ഞ റായിഡു അവസാനത്തേക്ക് റണ്‍നിരക്കുയര്‍ത്തി 113 പന്തില്‍ 90 റണ്‍ നേടിയ ശേഷമായിരുന്നു പുറത്തായത്. എട്ട് ഫോറും നാല് സിക്‌സറും റായിഡു നേടി.