പ്രതാപകാലം ഓര്‍മിപ്പിച്ച് ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ ജയം

single-img
27 January 2019

ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയവുമായി വെസ്റ്റ് ഇന്‍ഡീസ്. ബ്രിഡ്ജ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 381 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് വിന്‍ഡീസ് നേടിയത്. സ്‌കോര്‍: 289 & 415/6 ഡി. ഇംഗ്ലണ്ട് 77 & 246. ഇതോടെ മൂന്ന് ടെസ്റ്റുകളുളള പരമ്പരയില്‍ വിന്‍ഡീസ് മുന്നിലെത്തി. വിന്‍ഡീസ് ഉയര്‍ത്തിയ 628 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് മാന്‍ ഓഫ് ദ മാച്ച്.

ടെസ്റ്റില്‍ രണ്ടാം റാങ്കുകാരായ ഇംഗ്ലണ്ടിനെ ഒന്നുപൊരുതാന്‍ പോലും എട്ടാം സ്ഥാനത്തുള്ള വിന്‍ഡീസ് സമ്മതിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ വിജയം അനായാസമാക്കിയത്. 21.4 ഓവര്‍ എറിഞ്ഞ ചേസ് 60 റണ്‍ വിട്ടുനല്‍കിയാണ് എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. 84 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ഒന്നാം ഇന്നിങ്‌സില്‍ നേടിയ 212 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിന്‍സീസിനെ ഹോള്‍ഡര്‍ മുന്നില്‍നിന്നു നയിക്കുകയായിരുന്നു. പുറത്താകാതെ 202 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്. ഡൗറിച്ചുമായി ചേര്‍ന്ന് 295 റണ്‍സാണ് നായകന്‍ കൂട്ടിച്ചേര്‍ത്തത്. 116 റണ്‍സുമായി ഡൗറിച്ചും ക്രീസില്‍ തുടരവെയാണ് ഹോള്‍ഡര്‍ ഇന്നിങ്‌സ് ഡിക്ലെയര്‍ ചെയ്തത്. അപ്പോഴേക്കും ആറിന് 415 എന്ന കൂറ്റന്‍ സ്‌കോറിലും 627 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡിലുമെത്തിയിരുന്നു വിന്‍ഡീസ്.

തന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറി ഹോള്‍ഡര്‍ തികച്ചത് സിക്‌സിലൂടെയായിരുന്നു. ഡൗറിച്ചിന്റേയും മൂന്നാമത്തെ ടെസ്റ്റ് സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരെ പിറന്നത്. എട്ട് സിക്‌സുകളും 23 ഫോറുകളുമാണ് ഹോള്‍ഡര്‍ അടിച്ചു കൂട്ടിയത്. ഫോറടിച്ചാണ് ഹോള്‍ഡര്‍ 200 റണ്‍സ് പിന്നിട്ടത്. ജെയിംസ് ആന്‍ഡേഴ്സണും ബെന്‍ സ്റ്റോക്ക്‌സുമായിരുന്നു ഇംഗ്ലണ്ട് ബൗളിങ് നിരയെ നയിച്ചത്. എന്നാല്‍ മികച്ചൊരു മൂന്നാം ബൗളറില്ലാത്തത് അവര്‍ക്ക് തിരിച്ചടിയായി. 134 ടെസ്റ്റില്‍ നിന്ന് 433 വിക്കറ്റുള്ള സ്റ്റുവര്‍ട്ട് ബ്രോഡിനെ പുറത്തിരുത്തിയത് അവര്‍ക്ക് തിരിച്ചടിയായി.