കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ ബിജെപി നീക്കം; ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു

single-img
27 January 2019

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെ രംഗത്തിറക്കാൻ ബിജെപി നീക്കമെന്നു റിപ്പോർട്ടുകൾ. ഈ നിര്‍ദേശം മുന്നോട്ടുവെച്ചുകൊണ്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് കത്തയച്ചതായി സമകാലികമലയാളം റിപ്പോർട്ടു ചെയ്യുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പിടിക്കാന്‍ ശക്തയായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുന്നതിൻ്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റിയുടെ നീക്കം.

തിരുവനന്തപുരത്ത്  മോഹന്‍ലാല്‍, സുരേഷ്‌ഗോപി, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരെ പരിഗണിക്കുന്നു എന്നായിരുന്നു നേരത്തെ ഉയര്‍ന്ന റിപ്പോര്‍ട്ടുകള്‍. നിർമ്മലാ സീതാരാമനെ ദമത്സരിപ്പിക്കുക വഴി കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനും, വിജയസാധ്യത പതിന്മടങ്ങ് വര്‍ധിക്കാനും ഇടയാക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ട്.  

തമിഴ്‌നാട്ടിലെ മധുര സ്വദേശിനിയാണ് നിര്‍മ്മല. കേന്ദ്രപ്രതിരോധമന്ത്രിയായതോടെ, ഏറ്റവും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിലെ സീനിയര്‍ മന്ത്രിതല സമിതിയിലെ അംഗവുമാണ് നിര്‍മ്മല സീതാരാമന്‍.

സംസ്ഥാനത്ത് ബിജെപി വളരെ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ബിജെപിക്ക് വേരോട്ടമുള്ള മണ്ഡലമാണ് തിരുവനന്തപുരം. കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി, നിയമസഭയിലേക്ക് നേമത്ത് നിന്നും അക്കൗണ്ട് തുറക്കുകയും ചെയ്തിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാംസ്ഥാനത്തെത്തിയ ബിജെപി, കഴക്കൂട്ടത്തും ശക്തി തെളിയിച്ചിരുന്നു.

നിര്‍മ്മല സീതാരാമനെപ്പോലുള്ള ദേശീയ നേതാവ് മല്‍സരരംഗത്തിറങ്ങിയാല്‍, സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെ ബിജെപിയുടെ പ്രകടനം കൂടി കൂടുതല്‍ ശക്തിപ്പെടുമെന്നും ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു. കൂടാതെ ദേശീയ നേതാക്കളുടെ സാന്നിധ്യവും, ശ്രദ്ധയും സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്.

ഓഖി ദുരന്ത വേളയില്‍ തിരുവനന്തപുരത്തെത്തിയ നിര്‍മ്മല സീതാരാമന്‍, ക്ഷുഭിതരായ ജനക്കൂട്ടത്തെ വളരെ നയപരമായി കൈകാര്യം ചെയ്തതും, ബിജെപി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. തമിഴ്‌നാട് സ്വദേശിനിയായതിനാല്‍, തിരുവനന്തപുരത്തിന്റെ പ്രശ്‌നങ്ങള്‍ വ്യക്തമായി അറിയാവുന്ന ആളാണ് നിര്‍മ്മലയെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഓഖി ദുരന്തവേളയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സാധ്യതകള്‍ മുഴുവന്‍ വിനിയോഗിക്കാനും നിര്‍മ്മല സീതാരാമന്‍ സേനാ മേധാവിമാരോട് ആവശ്യപ്പെട്ടിരുന്നു.