ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ഉള്‍പ്പെടെ കളിയുടെ സമഗ്ര മേഖലകളിലും ആധിപത്യം; ന്യൂസീലന്‍ഡ് മണ്ണില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ഏറ്റവും വലിയ വിജയം

single-img
26 January 2019

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ബേ ഓവലില്‍ കിവികള്‍ 90 റണ്‍സിന്റെ തോല്‍വി വഴങ്ങി. ഇന്ത്യയുയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 40.2 ഓവറില്‍ 234 റണ്‍സില്‍ പുറത്തായി. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപാണ് ന്യൂസീലന്‍ഡിനെ എറിഞ്ഞൊതുക്കിയത്. ചാഹലും ഭുവിയും രണ്ട് വീതവും ഷമിയും ജാദവും ഓരോ വിക്കറ്റും വീഴ്ത്തി. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.

ഇന്ത്യ ഉയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസീലന്‍ഡിനായി മാര്‍ട്ടിന്‍ ഗപ്റ്റില്‍ കോളിന്‍ മണ്‍റോ സഖ്യമാണ് ഓപ്പണ്‍ ചെയ്തത്. ഗപ്റ്റിലിനെ ഭുവനേശ്വര്‍ കുമാര്‍ മടക്കുമ്പോള്‍ കിവീസ് സ്‌കോര്‍ 23 റണ്‍സ്. 16 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 15 റണ്‍സെടുത്ത ഗപ്റ്റിലിനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ യുസ്വേന്ദ്ര ചാഹല്‍ ക്യാച്ചെടുത്തു പുറത്താക്കി.

മുഹമ്മദ് ഷമി എറിഞ്ഞ എട്ടാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ രണ്ടു സിക്‌സും ബൗണ്ടറിയും ഡബിളും സഹിതം 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റേതായിരുന്നു അടുത്ത ഊഴം. അഞ്ചാം പന്തില്‍ വില്യംസന്റെ കുറ്റി തെറിപ്പിച്ച് ഷാമി പ്രതികാരം ചെയ്തു. ഇതോടെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലായി കിവീസ്.

മൂന്നാം വിക്കറ്റില്‍ റോസ് ടെയ്ലറിനെ കൂട്ടുപിടിച്ച് നിലയുറപ്പിക്കാന്‍ ശ്രമിച്ച കോളിന്‍ മണ്‍റോയായിരുന്നു അടുത്ത ഇര. 41 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 31 റണ്‍സുമായി മണ്‍റോ ചാഹലിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി. അപ്പോള്‍ ന്യൂസീലന്‍ഡ് സ്‌കോര്‍ 84 റണ്‍സ്. പിന്നീടായിരുന്നു ധോണിയുടെ ‘സ്‌പെഷല്‍ സ്റ്റംപിങ്ങി’ല്‍ ടെയ്ലറിന്റെ മടക്കം. 25 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 22 റണ്‍സെടുത്താണ് ടെയ്‌ലര്‍ കൂടാരം കയറിയത്.

ഇതിനു പിന്നാലെ തുടര്‍ച്ചയായി നാലു വിക്കറ്റ് പിഴുത് കുല്‍ദീപ് കിവീസിന്റെ നടുവൊടിച്ചു. വമ്പന്‍ അടികളിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ടോം ലാഥമാണ് ആദ്യം പുറത്തായത്. 32 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 34 റണ്‍സെടുത്ത ലാഥത്തെ കുല്‍ദീപ് യാദവ് എല്‍ബിയില്‍ കുരുക്കി. പിന്നാലെ കോളിന്‍ ഗ്രാന്‍ഡ്‌ഹോം (മൂന്ന്), ഇഷ് സോധി (പൂജ്യം), ഹെന്റി നിക്കോള്‍സ് (28) എന്നിവരെയും കുല്‍ദീപ് പവലിയനിലെത്തിച്ചു.

ഒന്‍പതാം വിക്കറ്റില്‍ 58 റണ്‍സടിച്ച ബ്രേസ്വെല്‍ ലോക്കി ഫെര്‍ഗൂസണ്‍ സഖ്യമാണ് കിവീസിന്റെ പരാജയഭാരം കുറച്ചത്. ബ്രേസ്വെല്ലിനെ ഭുവനേശ്വര്‍ കുമാറും ലോക്കി ഫെര്‍ഗൂസനണെ യുസ്വേന്ദ്ര ചാഹലും പുറത്താക്കിയതോടെ കിവീസ് ഇന്നിങ്‌സിന് അവസാനം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് സ്വപ്നതുല്ല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 25.2 ഓവറില്‍ 154 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 67 പന്തില്‍ ഒമ്പത് ഫോറിന്റെ അകമ്പടിയോടെ 66 റണ്‍സടിച്ച ധവാന്റെ വിക്കറ്റാണ് ആദ്യം വീണത്. ബൗള്‍ട്ടിന്റെ പന്തില്‍ ലാഥം ക്യാച്ചെടുക്കുകയായിരുന്നു.

തൊട്ടുപിന്നാലെ രോഹിത് ശര്‍മ്മയും ക്രീസ് വിട്ടു. 96 പന്തില്‍ ഒമ്പത് ഫോറിന്റേയും മൂന്ന് സിക്‌സിന്റേയും അകമ്പടിയോടെ രോഹിത് 87 റണ്‍സടിച്ചു. ഏകദിനത്തില്‍ രോഹിതിന്റെ 38-ാമത്തേയും ധവാന്റെ 27-ാമത്തേയും അര്‍ദ്ധ സെഞ്ചുറിയാണ്. പിന്നീട് വിരാട് കോലിയും അമ്പാട്ടി റായിഡുവും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി.

ഇരുവരും മൂന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 45 പന്തില്‍ അഞ്ച് ഫോറിന്റെ സഹായത്തോടെ 43 റണ്‍സടിച്ച കോലിയെ പുറത്താക്കി ബൗള്‍ട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 35 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ അമ്പാട്ടി റായിഡുവിന്റെ വിക്കറ്റും പോയി. 49 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 47 റണ്‍സാണ് റായുഡു നേടിയത്.

പിന്നീട് അവസാന ഓവറുകളില്‍ ധോനിയും കേദര്‍ ജാദവും കത്തിക്കയറുകയായിരുന്നു. ജാദവായിരുന്നു കൂടുതല്‍ അപകടകാരി. ഫെര്‍ഗൂസണ്‍ എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സാണ് ജാദവ് അടിച്ചെടുത്തത്. അവസാന രണ്ട് പന്ത് നേരിട്ട ധോനി ആറു റണ്‍സ് നേടി. ഇതോടെ അവസാന ഓവറില്‍ 21 റണ്‍സാണ് ഇന്ത്യക്ക് ലഭിച്ചത്. 33 പന്തില്‍ 48 റണ്‍സോടെ ധോനിയും 10 പന്തില്‍ 22 റണ്‍സുമായി ജാദവും പുറത്താകാതെ നിന്നു.