ടീമില്‍ ഇടം പിടിക്കാനുള്ള മല്‍സരം മുറുകി: തുറന്നുപറഞ്ഞ് ശിഖര്‍ ധവാന്‍

single-img
26 January 2019

ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവതാരങ്ങളുടെ വളര്‍ച്ച വളരെ വേഗത്തിലാണെന്നും ഇതുമൂലം ടീമില്‍ സ്ഥാനം നേടുകയെന്നത് വലിയ കടമ്പയാണെന്നും ഓപ്പണര്‍ ശിഖര്‍ ധവാന്‍.
‘ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവതാരങ്ങളുടെ വളര്‍ച്ച അദ്ഭുതാവഹമാണ്. ഇത് ടീമിനുള്ളില്‍ത്തന്നെ ഒരു മല്‍സരാന്തരീക്ഷം കൊണ്ടുവന്നിട്ടുണ്ട്. ടീമില്‍ ഇടം നിലനിര്‍ത്താന്‍ മികച്ച പ്രകടനം കൂടിയേ തീരൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്’ – ധവാന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ പൃഥ്വി ഷാ, ഈ വര്‍ഷം ടീമിലേക്ക് ആദ്യമായി വിളി ലഭിച്ച ശുഭ്മാന്‍ ഗില്‍ തുടങ്ങിയ താരങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ്, ടീമില്‍ ഇടം പിടിക്കാനുള്ള മല്‍സരം മുറുകിയതായി ധവാന്‍ അഭിപ്രായപ്പെട്ടത്. ഒരു വര്‍ഷം മുന്‍പ് ന്യൂസീലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇരുവരും.

‘പൃഥ്വി ഷായെപ്പോലൊരു താരം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചതും വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയും 70 റണ്‍സും നേടിയതും നമ്മുടെ ടീമിന്റെ ശക്തിയാണ് തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ, 15 അംഗ ടീമില്‍ ഇടംപിടിക്കാന്‍ പോലും കടുത്ത മല്‍സരം നേരിടേണ്ട അവസ്ഥയാണ്’ ധവാന്‍ പറഞ്ഞു.