ശബരിമല വിഷയത്തിൽ രണ്ടര മാസത്തിനിടെ റജിസ്റ്റർ ചെയ്തത് 2012 കേസുകൾ; ആകെ 67,094 പ്രതികൾ

single-img
19 January 2019

ശബരിമലയിൽ സ്ത്രീ പ്രേവേശനത്തിനുള്ള വിലക്ക് സുപ്രീം കോടതി നീക്കിയ ശേഷം ഉണ്ടായ പ്രതിഷേധങ്ങളിലും അക്രമ പരമ്പരകളിലും ഇതുവരെ സംസ്ഥാനത്തു 2012 കേസുകൾ റജിസ്റ്റർ ചെയ്തതായി കേരളാ പോലീസ്. സർക്കാരിന് സുപ്രീംകോടതിയിൽ നൽകാനായി സംസ്ഥാന പൊലീസ് തയറാക്കി നൽകിയ രേഖയിലാണ് ഈ വിവരം ഉള്ളത്.

2012 കേസുകളിലായി 67,094 പ്രതികൾ ഉണ്ടെന്നും, ഇതിൽ 10,561 പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ എന്നും സർക്കാരിനു പൊലീസ് നൽകിയ കണക്ക് സൂചിപ്പിക്കുന്നു. ഇതിൽ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മണ്ഡലപൂജ മകരവിളക്ക് കാലത്താണ്. 1693 കേസുകൾ ആണ് ഈ കാലയളവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1693 കേസുകളിലായി 55650 പ്രതികൾ ആണ് ഉള്ളത്.

കോടതി വിധി വന്നു ആദ്യമായി നട തുറന്ന തുലാമാസ പൂജ സമയത്തു 281 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 10720 പ്രതികൾ ആണ് ആകെ ഉള്ളത്. എന്നാൽ ഇതിൽ ആകെ 2287 പ്രതികളെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ 23 യു ഡി എഫ് പ്രവർത്തകരും 6 എസ് ഡി പി ഐ പ്രവർത്തകരും ഉൾപ്പെടുന്നു.

ചിത്തിര ആട്ട വിശേഷ പൂജാസമയത്തും ശബരിമല കേന്ദ്രീകരിച്ചു പ്രതിഷേധങ്ങളും അക്രമ സമരങ്ങളും ഉണ്ടായിരുന്നു. ഇതിൽ ആകെ 38 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ 38 കേസുകളിലായി 724 പ്രതികളാണ് ഉള്ളത്. എന്നാൽ ഇതിൽ 142 പേരെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ എന്നും കേരളാ പോലീസ് സർക്കാരിന് സമർപ്പിച്ച രേഖകളിൽ സൂചിപ്പിന്നുന്നു.