ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ പതറുന്നു; കുല്‍ദീപിന് മൂന്ന് വിക്കറ്റ്

single-img
5 January 2019

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 83.3 ഓവറില്‍ ഓസ്‌ട്രേലിയ ആറ് വിക്കറ്റു നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയിലാണ്. വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 28 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും 25 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സുമാണു ക്രീസില്‍.

മര്‍ക്കസ് ഹാരിസ് (79), ഉസ്മാന്‍ ഖവാജ (27), മാര്‍നസ് ലബുഷെയ്ന്‍ (38), ഷോണ്‍ മാര്‍ഷ് (8), ട്രവിസ് ഹെഡ് (20), ടിം പെയ്ന്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്കു നഷ്ടമായത്. കുല്‍ദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും മുഹമ്മദ് ഷമി ഒന്നും വിക്കറ്റുകള്‍ നേടി.

16.3 ഓവര്‍ ഇന്ന് നഷ്ടമായതിനാല്‍ നാലാം ദിനം അരമണിക്കൂര്‍ നേരത്തെ കളി തുടങ്ങും. നാല് വിക്കറ്റുകള്‍ ശേഷിക്കേ ഓസീസ് 386 റണ്‍സ് പിന്നിലാണ് നിലവില്‍. വിക്കറ്റ് പോകാതെ 24 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഓസീസിന് ആദ്യ സെക്ഷനില്‍ നഷ്ടമായത് ഓപ്പണര്‍ ഉസ്മാന്‍ കവാജയുടെ വിക്കറ്റ് മാത്രമായിരുന്നു.

കുല്‍ദീപ് യാദവിനെതിരേ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന കവാജ 28 റണ്‍സുമായി പൂജാരയുടെ കൈകളില്‍ ഒതുങ്ങി. പിന്നാലെ ഒത്തുചേര്‍ന്ന മാര്‍ക്കസ് ഹാരിസ്മാര്‍നസ് ലബുഷെയ്ന്‍ സഖ്യം ഓസീസിനെ നൂറു കടത്തി. ഉച്ചഭക്ഷണത്തിന് ശേഷം കളിതുടങ്ങിയപ്പോള്‍ തന്നെ ഹാരിസിനെ (79) ഓസീസിന് നഷ്ടമായി.

എട്ട് ബൗണ്ടറികളുമായി മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഹാരിസിനെ ജഡേജ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഓസീസിന് വിക്കറ്റുകള്‍ നഷ്ടമായി. ഷോണ്‍ മാര്‍ഷ് (8), ട്രാവിസ് ഹെഡ് (20), ടിം പെയിന്‍ (അഞ്ച്), ലബുഷെയ്ന്‍ (38) എന്നിവര്‍ കൂടി വീണതോടെ ഓസീസ് പരുങ്ങി.

നേരത്തെ ചേതേശ്വര്‍ പൂജാരയുടേയും ഋഷഭ് പന്തിന്റേയും മികവില്‍ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഏഴു വിക്കറ്റിന് 622 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 193 റണ്‍സിന് പൂജാര പുറത്തായതിന് പിന്നാലെ ഋഷഭ് ഡ്രൈവിങ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു.

189 പന്തില്‍ 15 ഫോറും ഒരു സിക്‌സുമടക്കം ഋഷഭ് 159 റണ്‍സടിച്ചു. പൂജാരയുമായി 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഋഷഭ് ജഡേജയോടൊപ്പം 204 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തു. ഋഷഭിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തം പേരില്‍ കുറിച്ചു.