സൗദിയില്‍നിന്ന് വിസ റദ്ദാക്കി പോയവര്‍ക്ക് തിരിച്ചെത്തണമെങ്കില്‍ പുതിയ കടമ്പ; ഈ മാസം ഏഴു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍

single-img
5 January 2019

സൗദിയില്‍നിന്ന് വിസ റദ്ദാക്കി പോയവര്‍ക്ക് പുതിയ വീസയില്‍ വരണമെങ്കില്‍ ഫൈനല്‍ എക്‌സിറ്റ് സ്റ്റാംപ് നിര്‍ബന്ധമാക്കി. പുതിയ വിസാ അപേക്ഷയോടൊപ്പമാണ് എക്‌സിറ്റ് പേപ്പര്‍ സമര്‍പ്പിക്കേണ്ടത്. ഈ മാസം ഏഴു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.

വിസ റദ്ദാക്കി പോയ ആളുടെ ഇഖാമ നമ്പര്‍ ജവാസാത്ത് ഓഫീസില്‍ നല്‍കിയാല്‍ എക്‌സിറ്റ് പേപ്പര്‍ ലഭിക്കും. ഇതാണ് വിസാ അപേക്ഷയോടൊപ്പം നല്‍കേണ്ടത്. വിസ റദ്ദാക്കാതെ പോയവര്‍ക്കു മൂന്നു വര്‍ഷത്തിനുശേഷമേ പുതിയ വീസയില്‍ സൗദിയിലേക്ക് വരാന്‍ സാധിക്കൂ.

എന്നാല്‍ മൂന്നു വര്‍ഷത്തിന് മുന്‍പ് സൗദിയിലെത്തുന്നവരെ വിമാനത്താവളത്തില്‍നിന്നുതന്നെ തിരിച്ചയക്കും. ഈ പ്രവണത വര്‍ധിച്ച പശ്ചാത്തലത്തിലാണ് മൂന്നു വര്‍ഷത്തിനകം മറ്റൊരു വീസയിലെത്തുന്ന റീ എന്‍ട്രിക്കാര്‍ക്കും എക്‌സിറ്റ് പേപ്പര്‍ നിര്‍ബന്ധമാക്കിയത്.

ഇതേസമയം നേരത്തെ ജോലി ചെയ്തിരുന്ന സ്‌പോണ്‍സറുടെ അടുത്തേക്കുതന്നെ മൂന്നു വര്‍ഷത്തിനകം തിരിച്ചുവരികയാണെങ്കില്‍ സ്‌പോണ്‍സറുടെ സമ്മതപത്രവും (വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയത്) ജവാസാത്തില്‍നിന്നുള്ള വീസയുടെ നിജസ്ഥിതി പകര്‍പ്പും ഹാജരാക്കിയാല്‍ മതി.