ധോണിക്കും മേലെ ഇനി ഋഷഭ് പന്ത്

single-img
4 January 2019

ഓസ്ട്രേലിയയില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് ഇനി ഋഷഭ് പന്തിന് സ്വന്തം. ടെസ്റ്റിലെ എട്ടാമത്തെ മാത്രം മല്‍സരം കളിക്കുന്ന പന്ത്, 189 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്‌സും സഹിതം നേടിയ 159 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 600 കടത്തിയത്.

ടെസ്റ്റില്‍ പന്തിന്റെ രണ്ടാമത്തെ മാത്രം സെഞ്ചുറിയാണിത്. കരിയറിലെ ഉയര്‍ന്ന സ്‌കോറും. സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ ഉപഭൂഖണ്ഡത്തിന് പുറത്ത് ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിനെ തേടിയെത്തി.

21 വയസ്സും 92 ദിവസ്സവും മാത്രം പ്രായമുള്ള പന്ത്, ഓസീസ് മണ്ണില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യക്കാരനുമായി. ഇതിലും ചെറിയ പ്രായത്തില്‍ രണ്ടു സെഞ്ചുറി നേടിയ സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് മുന്നില്‍. 18 വയസ്സും 256 ദിവസവും പ്രായമുള്ളപ്പോഴും 18 വര്‍ഷവും 285 ദിവസവും പ്രായമുള്ളപ്പോഴുമായിരുന്നു സച്ചിന്റെ സെഞ്ചുറി പ്രകടനങ്ങള്‍.

മുന്‍പ് ഇംഗ്ലണ്ട് പര്യടനത്തിലാണ് പന്ത് തന്റെ ആദ്യ രാജ്യാന്തര ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. 2018 സെപ്റ്റംബറില്‍ ഓവലിലായിരുന്നു ആദ്യ സെഞ്ചുറി പ്രകടനം. അന്ന് ലോക ഒന്നാം നമ്പര്‍ ബോളര്‍ ജയിംസ് ആന്‍ഡേഴ്‌സന്‍ ഉള്‍പ്പെടെയുള്ളവരെ ചെറുത്തുനിന്ന് നേടിയ സെഞ്ചുറി പന്തിന് വലിയ കയ്യടി നേടിക്കൊടുത്തിരുന്നു. അന്ന് 114 റണ്‍സാണ് പന്തു നേടിയത്.

എന്തായാലും വിക്കറ്റിനു പിന്നിലും മുന്നിലും സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിക്കു പകരം നില്‍ക്കാന്‍ കെല്‍പുള്ള താരമാണെന്ന് ഒരിക്കല്‍ക്കൂടി ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് ഋഷഭ് പന്ത്.