പൂജാരക്ക് ഇരട്ട സെഞ്ചുറി നഷ്ടം

single-img
4 January 2019

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ പൂജാരയ്ക്ക് ഇരട്ട സെഞ്ചുറി നഷ്ടം. 193 റണ്‍സെടുത്ത് പൂജാര പുറത്തായി. 373 പന്തില്‍ 22 ഫോറിന്റെ അകമ്പടിയോടെ ബാറ്റേന്തിയ പൂജാരയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു. ഒമ്പത് മണിക്കൂറും എട്ടു മിനിറ്റുമാണ് പൂജാര ക്രീസില്‍ ചിലവഴിച്ചത്‌.

ഈ പരമ്പരയിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത ബാറ്റ്സ്മാനാണ് പൂജാര. അതിന് അഴകുചാർത്തി ഇതുവരെ നേടിയത് മൂന്നു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും. സിഡ്നിയിൽ 199 പന്തിൽ 13 ബൗണ്ടറി സഹിതമാണ് പൂജാര പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 18–ാമത്തെയും സെഞ്ചുറി കണ്ടെത്തിയത്.

ഇതിനു പുറമെ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ മൂന്നു കൂട്ടുകെട്ടുകളിലും പൂജാര പങ്കാളിയായി. രണ്ടാം വിക്കറ്റിൽ പൂജാര–അഗർവാൾ സഖ്യം കൂട്ടിച്ചേർത്ത സെഞ്ചുറി കൂട്ടുകെട്ടും (116), മൂന്നാം വിക്കറ്റിൽ പൂജാര–കോഹ്‍ലി സഖ്യവും (54), പിരിയാത്ത അഞ്ചാം വിക്കറ്റിൽ പൂജാര–വിഹാരി സഖ്യവും (75) കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടുകളുമാണ് ഇന്ത്യൻ ഇന്നിങ്സിനു കരുത്തായത്.

ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച മറ്റൊരു പോസ്റ്റ് ഇങ്ങനെ:‘സർദാർ വല്ലഭായ് പട്ടേലിനായി ഗുജറാത്തിൽ പണിത സ്റ്റാച്ച്യൂ ഓഫ് ലിബേർട്ടി പോലെ  പൂജാരയ്ക്കായി ഒരു ‘സ്റ്റാച്ച്യൂ ഓഫ് പേഷ്യൻസ് (ക്ഷമയുടെ പ്രതിമ) പണിയണം.’!.

2014ലെ ഓസീസ് പര്യടനത്തിനിടെ മോശം ഫോമിനെത്തുടർന്നു ഇന്ത്യൻ ടീമിൽനിന്നു തഴയപ്പെട്ട ആളാണ് ചേതേശ്വർ പൂജാര. വിദേശ പിച്ചുകളിൽ നിറംമങ്ങുന്നതും സ്കോറിങ്ങിലെ മെല്ലെപ്പോക്കുമാണ് പൂജാരയ്ക്ക് അന്നു വിനയായത്. എന്നാൽ മൂന്നു സെഞ്ചുറിയോടെ ഇത്തവണത്തെ ഓസീസ് പര്യടനത്തിൽ തലയുർത്തിനിൽക്കുന്നത് ഇതേ പൂജാര തന്നെ. ‘റൺ മെഷീൻ’ വിരാട് കോഹ്‌ലിയെപ്പോലും പിന്തള്ളിയാണ് പൂജാര ഉജ്വല ഫോം തുടരുന്നത്. ബാറ്റിങ് ടെക്നിക്കിൽ വരുത്തിയ പൊടിക്കൈയാണു പൂജാരയ്ക്കു തുണയായതെന്നാണു വിഗദ്ധരുടെ പക്ഷം.

ക്രീസിൽ നിലയുറപ്പിക്കുമ്പോഴുള്ള പൂജാരയുടെ പൊസിഷനിങിലെ വ്യത്യാസത്തിൽ കഴിഞ്ഞ വർഷത്തെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈനിന്റെ കണ്ണുടക്കുന്നത്. ഷോട്ടെടുക്കാൻ തയ്യാറെടുക്കുമ്പോൾ ബാറ്റിനും പാഡിനും ഇടയിൽ അൽപം സ്ഥലം വിട്ടിരുന്ന പൂജാര ഇപ്പോൾ സ്റ്റംപിനെ കൂടുതൽ മറയ്ച്ചാണു കളിക്കുന്നത്. അനാവശ്യമായ രീതിയിൽ വിക്കറ്റു നഷ്ടപ്പെടുത്തുന്നതിൽനിന്നു പൊസിഷനിങ്ങിലെ ഈ ചെറിയ മാറ്റം പൂജാരയെ തുണയ്ക്കുമെന്നാണു ഹുസൈൻ അന്നു പറഞ്ഞത്.

ഇംഗ്ലണ്ട് പര്യടനത്തിൽ പൂജാരയും ഇന്ത്യയും തോറ്റു തുന്നംപാടിയെങ്കിലും ഹുസൈന്റെ നാക്ക് പൊന്നായി; ബാറ്റിങ് പൊസിഷനിങ്ങിലെ മാറ്റത്തോടെ റീലോഡഡ് ആയെത്തിയ പൂജാര ഓസീസ് പര്യടനത്തിലെ ഇന്ത്യൻ സ്റ്റാറുമായി!