‘വൻമതിൽ’ തീർത്ത് പൂജാര: ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ മികച്ച നിലയിൽ

single-img
3 January 2019

സിഡ്‌നി ടെസ്റ്റിലും വന്‍മതിലായ പുജാരയുടെ സെഞ്ചുറി മികവില്‍ നാലാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 4ന് 303 റണ്‍സ് എന്ന മികച്ച നിലയിലാണ് ഇന്ത്യ. സെഞ്ചുറി നേടിയ പുജാരയും(130*) അര്‍ധ സെഞ്ചുറി നേടിയ ഓപണര്‍ മായങ്ക അഗര്‍വാളുമാണ്(77) ഇന്ത്യന്‍നിരയില്‍ ശോഭിച്ചത്.

പൂജാര 130 റൺസോടെയും ഹനുമ വിഹാരി 39 റൺസോടെയും ക്രീസിലുണ്ട്. പിരിയാത്ത അഞ്ചാം വിക്കറ്റിൽ പൂജാര–വിഹാരി സഖ്യം 75 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 199 പന്തിൽ 13 ബൗണ്ടറി സഹിതമാണ് പൂജാര പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 18–ാമത്തെയും സെഞ്ചുറി കണ്ടെത്തിയത്. ഇതുവരെ 250 പന്തുകൾ നേരിട്ട പൂജാര 16 ബൗണ്ടറികൾ സഹിതമാണ് 130 റൺസെടുത്തത്.

വിഹാരി 58 പന്തിൽ അഞ്ചു ബൗണ്ടറിയോടെ 39 റൺസുമെടുത്തു. രണ്ടാം വിക്കറ്റിൽ പൂജാര–അഗർവാൾ സഖ്യം കൂട്ടിച്ചേർത്ത സെഞ്ചുറി കൂട്ടുകെട്ടും (116), മൂന്നാം വിക്കറ്റിൽ പൂജാര–കോഹ്‍ലി സഖ്യവും (54), പിരിയാത്ത അഞ്ചാം വിക്കറ്റിൽ പൂജാര–വിഹാരി സഖ്യവും (75) കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടുകളുമാണ് ഇന്ത്യൻ ഇന്നിങ്സിനു കരുത്തായത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. പതിവുപോലെ വന്ന പോലെ നിലയുറപ്പിക്കും മുമ്പേ പുറത്തായ കെ.എല്‍ രാഹുലിന്റെ(9) രൂപത്തിലായിരുന്നു ഇന്ത്യക്ക് ആദ്യ തിരിച്ചടി നേരിട്ടത്. ആറ് പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെ ഒമ്പത് റണ്‍സടിച്ച രാഹുല്‍ ഹാസല്‍വുഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ലിപ്പില്‍ കാച്ച് നല്‍കിയാണ് മടങ്ങിയത്.

മറ്റൊരു ഓപണറായ മായങ്ക് അഗര്‍വാളിന്റെ അര്‍ധ സെഞ്ചുറി(77) ഇന്ത്യക്ക് തുണയായി. തുടരെ സിക്‌സറുകള്‍ പറത്തി ഇന്നിങ്‌സിന് വേഗത കൊണ്ട് വരാനുള്ള ശ്രമത്തിനിടെ മായങ്ക് അഗര്‍വാള്‍ നാഥന്‍ ലിയോണിന് പിടി കുടുക്കുകയായിരുന്നു. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും മായങ്ക് കുറിച്ചിരുന്നു. നിലയുറപ്പിച്ചുവെന്ന് തോന്നിപ്പിച്ച കോഹ്‌ലി(23) അപൂര്‍വ്വമായ ലൂസ് ഷോട്ടിലൂടെ പെയ്‌നിന് പിടികൊടുത്ത് മടങ്ങി.

രഹാനെയെ(18) മികച്ച ബൗണ്‍സറിലൂടെ സ്റ്റാര്‍ക്ക് കീപ്പര്‍ പെയ്‌നിന്റെ തന്നെ കൈകളിലെത്തിക്കുകയായിരുന്നു. ഓസീസിനായി ജോഷ് െഹയ്സൽവുഡ് രണ്ടും നേഥൻ ലയൺ, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.