നാളെ യു.ഡി.എഫ്. കരിദിനം ആചരിക്കും

single-img
2 January 2019

ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്‍പിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. സെക്രട്ടേറിയറ്റ് പടിക്കലേയ്ക്ക് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ശബരിമല കര്‍മ്മ സമിതി നാളെ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ബിജെപി അറിയിച്ചു. കര്‍മസമിതിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഭണ്ടാരത്തില്‍ നിന്ന് പണം എടുക്കാന്‍ ഇനി അനുവദിക്കില്ലെന്ന് ശശികല വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലിനെതിരെ കൈകോര്‍ക്കാന്‍ 64 സംഘടനകള്‍ ഒത്തൊരുമിച്ചു തീരുമാനിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.